നിരവധി മോഷണക്കേസുകളിലെ പ്രതി പൊലിസ് പിടിയില്‍
കരുനാഗപ്പള്ളി: സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപ മോഷ്ടിച്ച് മുങ്ങിയ നിരവധി കേസിലെ പ്രതിയെ കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേക്കും മുറിയില്‍ അസീം മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മനയില്‍ കുളങ്ങര വയലിത്തറ പുത്തന്‍വീട്ടില്‍ ചെല്ലക്കിളി എന്ന് വിളിക്കുന്ന അബ്ദുല്‍ ഖാദര്‍ കുഞ്ഞ് (58) ആണ് പിടിയിലായത്.
കരുനാഗപ്പള്ളി ചന്തയില്‍ ആലുംമൂട് കോഹിനൂര്‍ ബേക്കറിയുടെ മുന്‍വശം സ്റ്റേഷനറി സാധനം മൊത്തവ്യാപാരം നടത്തി വരുന്ന തഴവ തൊടിയൂര്‍ സ്വദേശി ശ്രീകുമാറിന്റെ പണമാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ വിഷുദിനത്തിലായിരുന്നു മോഷണം. ശ്രീകുമാര്‍ കടയടച്ച് കുറച്ച് അകലെയുള്ള മറ്റൊരു സ്ഥാപനത്തില്‍ കയറി തിരികെയെത്തിയപ്പോഴാണ് സ്‌ക്കൂട്ടറിന്റെ സീറ്റിനടിയിലുള്ള ബോക്‌സില്‍ നിന്നും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടര്‍ന്ന് ബേക്കറിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യത്തില്‍ നിന്നും പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അബ്ദുല്‍ ഖാദര്‍ കുഞ്ഞ് പിടിയിലാകുന്നത്. കൊല്ലം വെസ്സ്, ഈസ്സ്, ചേര്‍ത്തല, കുണ്ടറ, ആലപ്പുഴ എന്നീ പൊലിസ് സ്റ്റേഷനുകളിലെ എട്ടോളം മോഷണക്കേസുകളിലെ പ്രതിയും നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.
കൊല്ലം ജില്ലാ പൊലിസ് മേധാവി സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എ.സി.പി എസ്.ശിവപ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.അനില്‍കുമാര്‍, എസ്.ഐമാരായ വി.ശിവകുമാര്‍, നൂര്‍മുഹമ്മദ്, ഗ്രേഡ് എ.എസ്.ഐമാരായ നവാസ്, പ്രസന്നകുമാര്‍ എന്നിവരുടെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൂന്ന് വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ ആഡംഭര വീടുകള്‍ വാടകയ്ക്ക് എടുത്താണ് താമസം. അഞ്ച് ലക്ഷം രൂപ ഒരു ബ്രീഫ് കേസില്‍ സൂക്ഷിച്ച നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തി. കൂടാതെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒരു എയര്‍ഗണും പിടികൂടി. കരുനാഗപ്പള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."