ചീയമ്പം ഇറക്കത്തിലെ സുരക്ഷാ മുന്‍കരുതലിന് അവഗണന
പുല്‍പ്പള്ളി: ചീയമ്പം ഇറക്കത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സ്ഥാപിച്ച റിവൈന്ഡറും വരമ്പുകളും ഒഴിവാക്കി വാഹനങ്ങളുടെ കുതിപ്പ്.
സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി റൂട്ടിലെ ചീയമ്പം വളവിലൂടെയാണ് വൈകീട്ട് ആറു കഴിഞ്ഞാല്‍ വാഹനങ്ങള്‍ തോന്നിയതുപോലെ പായുന്നത്.സ്ഥിരം അപകടമേഖലയായ ഇവിടെ മുന്‍കരുതലെന്ന നിലയിലാണ് കയറ്റത്തില്‍ ഡിവൈഡറും വരമ്പുകളും നിര്‍മിച്ചത്. അതിന് ശേഷം അപകടങ്ങളും കാര്യമായി കുറഞ്ഞിരുന്നു.
എന്നാല്‍ അടുത്ത കാലത്തായി ഇവിടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വാഹനങ്ങള്‍ തെറ്റായ ദിശയില്‍ പായുകയാണ്. ഇരുളത്ത് നിന്ന് പുല്‍പ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് വന്‍ ഇറക്കത്തില്‍ വേഗത്തില്‍ വരുന്നത്. തെറ്റായ ദിശയിലൂടെ വാഹനങ്ങള്‍ എത്തുന്നത് മൂലം അപകടങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചു വരികയാണ്.
സന്ധ്യയ്ക്ക് ശേഷം എതിരെ വാഹനം വരുന്നില്ലെങ്കില്‍ ബസുകള്‍ ഉള്‍പ്പെടെ ദിശ മാറി ഓടുന്നത് പതിവ് കാഴ്ചയാണ്. മുന്‍കാലങ്ങളില്‍ പൊലീസ് ഇവിടെ പരിശോധന കര്‍ശനമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പരിശോധന ഇല്ലാതെ വന്നതോടെ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നത് പതിവായിരിക്കുകയാണ്. ഈ മേഖലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."