മദ്റസ അധ്യാപകന്റെ അക്കൗണ്ടിലെ അരലക്ഷം ജാര്‍ഖണ്ഡിലെ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ചു
കാസര്‍കോട്: കോട്ടിക്കുളം സ്വദേശിയായ മദ്റസ അധ്യാപകന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അരലക്ഷം രൂപ ജാര്‍ഖണ്ഡിലെ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ചതായി പരാതി. കോട്ടിക്കുളം കോട്ടപ്പാറയിലെ ടി.എം ഷാഹുല്‍ ഹമീദ് ദാരിമിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. സംഭവം സംബന്ധിച്ച് കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്റസയിലെ അധ്യാപകനായ ഷാഹുല്‍ ഹമീദ് ദാരിമി ബേക്കല്‍ പൊലിസില്‍ പരാതി നല്കി. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദുമ ശാഖയില്‍ ഷാഹുല്‍ ഹമീദ് ദാരിമിക്ക് അക്കൗണ്ടുണ്ട്. ഇതില്‍ നിന്ന് 40,000 രൂപ കഴിഞ്ഞ ഫെബ്രുവരി 23ന് ജാര്‍ഖണ്ഡിലെ റംഗ്ടാഡ് ദന്‍ബാദിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇതിനു ശേഷം ഫെബ്രുവരി 24ന് എസ്.ബി.ഐയുടെ മദ്പൂര് എ.ടി.എമ്മില്‍ നിന്ന് 10,000 രൂപയും പിന്‍വലിച്ചു. പണം പിന്‍വലിക്കുന്ന സമയത്ത് ഷാഹുല്‍ ഹമീദ് ദാരിമിയുടെ മൊബൈലില്‍ സന്ദേശമെത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് സന്ദേശം ശ്രദ്ധിച്ചിരുന്നില്ല. പണം അവശ്യമുണ്ടായിരുന്നതിനാല് കഴിഞ്ഞ 25ന് തുകയ്ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദുമ ശാഖയിലെത്തിയപ്പോഴാണ് രണ്ട് ഘട്ടങ്ങളിലായി 50,000 രൂപ ജാര്‍ഖണ്ഡിലെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ക്കും പൊലിസിനും ഷാഹുല്‍ ഹമീദ് ദാരിമി പരാതി നല്‍കിയത്.
തുടര്‍ന്ന് മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിക്കുന്ന ഘട്ടത്തില്‍ സന്ദേശമെത്തിയ കാര്യം മനസിലായത്. എ.ടി.എം തന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്നും താന്‍ മാത്രമാണ് കാര്‍ഡ് ഉപയോഗിക്കുന്നതെന്നും മറ്റാര്‍ക്കും പാസ്വേഡ് അറിയില്ലെന്നും ഷാഹുല്‍ ഹമീദ് ദാരിമി നല്കിയ പരാതിയില്‍ പറയുന്നു. തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ ബാങ്ക് അധികൃതര്‍ നടപടി സ്വീകരിക്കണം. വളരെ തുച്ഛമായ ശമ്പളത്തില്‍ നിന്നുള്ള സമ്പാദ്യമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."