ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് പത്തു വര്‍ഷം തടവ്, അഞ്ചു ലക്ഷം വരെ പിഴ
ലഖ്‌നൗ: പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാന്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1955ലെ പശു കശാപ്പ് നിരോധിത നിയമം ആണ് ഭേദഗതി ചെയ്തത്. പശു കശാപ്പ് പൂര്‍ണമായി ഇല്ലാതാക്കാനാണ് ഭേദഗതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അനധികൃതമായ പശുക്കടത്ത് പിടിക്കപ്പെട്ടാല്‍ ആ പശുക്കളുടെ ഒരു വര്‍ഷത്തെ പരിപാലന ചെലവ് വഹിക്കണം. ഭക്ഷണവും വെള്ളവും നല്‍കാതെ പശുക്കളെ പട്ടിണിക്കിട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവാണ് ശിക്ഷ. പശുവിന് പരിക്കേറ്റാലും ജീവന്‍ അപകടത്തിലാകുന്ന വിധം വാഹനങ്ങളില്‍ കൊണ്ടുപോയാലും ശിക്ഷിക്കപ്പെടും. രണ്ടാമതും പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും.
ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കും. 2020ലെ പശു കശാപ്പ് നിരോധിത ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം അനധികൃതമായി വാഹനങ്ങളില്‍ ബീഫ് കടത്തിയാല്‍ ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."