ഭര്‍ത്താവിന്റെ രണ്ടാംഭാര്യയെ തീവച്ച് കൊന്ന കേസ്: ആദ്യഭാര്യക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവച്ചു കൊന്ന കേസില്‍ ആദ്യഭാര്യക്കു ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ കണ്ണാംബട്ടിയിലെ അബ്ദുര്‍ റഹ്മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസിരിയ (21)യെ കൊലപ്പെടുത്തിയ കേസില്‍ ആദ്യഭാര്യയായ ഗോവ സ്വദേശിനി മിസിരിയ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ പ്രതി മൂന്നു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇതിനു പുറമെ 307 വകുപ്പ് അനുസരിച്ച് അഞ്ചു വര്‍ഷം തടവിനും പ്രതിയെ ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
2011 ആഗസ്റ്റ് 7 ന് പുലര്‍ച്ചെ ആറോടെയാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെടുന്ന സമയത്ത് നഫീസത്ത് മിസിരിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ്രിയയെ കിടപ്പുമുറിയുടെ ജനാലയില്‍ കൂടി പെട്രോള്‍ ഒഴിച്ചാണ് ഗോവ മിസിരിയ തീ കൊളുത്തിയത്. ഇതേ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസിരിയ പിന്നീട് ചികിത്സക്കിടയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. സംഭവത്തില്‍ പൊള്ളലേറ്റ അബ്ദുര്‍ റഹ്മാനും ദീര്‍ഘ കാലം ചികിത്സയിലായിരുന്നു.
അന്നത്തെ കുമ്പള സി.ഐയായിരുന്ന യു. പ്രേമനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പിന്നീട് കുമ്പള സി.ഐയായിരുന്ന ടി.പി രഞ്ജിത്താണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 34 പേരെ സാക്ഷിയായി കോടതി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാഘവന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."