ആയിരങ്ങള്‍ സാക്ഷി; ജോര്‍ജ്ജ് ഫ്‌ളോയിഡിന് അന്ത്യയാത്രാ മൊഴി
വാഷിങ്ടണ്‍: യു.എസിലെ വംശീയ വിവേചനത്തിന്റെയും പൊലിസ് അതിക്രമത്തിന്റെയും ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരങ്ങളാണ് ഫ്‌ളോയിഡിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
എനിക്കു ശ്വാസം മുട്ടുന്നു എന്ന ഫ്‌ലോയിഡിന്റെ അവസാന വാക്കുകള്‍ കുറിച്ചുവച്ച ഷര്‍ട്ടുകളുമായാണ് കറുത്തവര്‍ഗക്കാര്‍ ഏറെയും പള്ളിയിലെത്തിയത്. കറുത്തവര്‍ക്കും ജീവിക്കണം എന്നെഴുതിയ ഷര്‍ട്ടുകളും ധരിച്ചിരുന്നു പലരും. വലിയ സുരക്ഷാസന്നാഹങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.
ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന്‍ ഓഫ് പ്രെയിസ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. വീട്ടുകാരും ഉറ്റമിത്രങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മേവെതറാണു സംസ്‌കാരച്ചടങ്ങിന്റെ ചെലവുകള്‍ വഹിച്ചത്. സാമൂഹിക അകലം പാലിച്ച് ഒരു സമയം 15 പേരെ മാത്രമേ പള്ളിയിലേക്ക് കടത്തിവിട്ടുള്ളൂ. അകത്തു നില്‍ക്കാന്‍ അനുവദിച്ചതുമില്ല.
കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലിസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."