ബന്ധുക്കളുടെ ആക്രമണത്തിന് പിന്നാലെ കാണാതായ യുവാവ് മരിച്ച നിലയില്‍
ബാലുശ്ശേരി: വീട്ടില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിനു പിന്നാലെ കാണാതായ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊയില്‍ താഴത്ത് കെടുങ്ങോന്‍കണ്ടി രാജേഷി(38)നെയാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്മണ്ട പൊയില്‍ താഴത്ത് ക്ലീനിങ് കെമിക്കല്‍ നിര്‍മിക്കുന്ന ജോലിക്കാരനായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ രാജേഷിന്റെ പിതാവിന്റെ സഹോദരനും മകനും ഉള്‍പ്പെടുന്ന ആറോളം ആളുകള്‍ വീട്ടിലെത്തി ടി.വി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ത്തു. വീട്ടുകാരെ ആക്രമിച്ചു. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.അര മണിക്കൂറോളം അക്രമികള്‍ കണ്ണില്‍ കണ്ടെതെല്ലാം തല്ലി തകര്‍ക്കുകയായിരുന്നു. രാജേഷിനെ ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ മാതാവ് സുധയെയും സഹോദരി രജിലയേയും അക്രമികള്‍ മര്‍ദ്ദിച്ചവശരാക്കി.കുടുംബ പ്രശ്‌നമായതിനാല്‍ നാട്ടുകാര്‍ ഇടപെട്ടില്ല. രാജേഷ് ജോലി ചെയ്യുന്ന പൊയില്‍ താഴത്തെ കടയും തകര്‍ത്ത് രാസവസ്തുക്കള്‍ പിന്‍വശത്തെ കിണറ്റിലിട്ടു. അക്രമികള്‍ പിന്‍വാങ്ങിയതിനു ശേഷം ഇവരുടെ ബന്ധുക്കളാണ് മാതാവിനേയും സഹോദരിയേയും ആശുപത്രിയിലെത്തിച്ചത്.സംഭവത്തിനുശേഷം അപ്രത്യക്ഷനായ രാജേഷിനുവേണ്ടി നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയാരോപിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനെത്തിയ ബാലുശ്ശേരി പൊലിസിനെ നാട്ടുകാര്‍ അതിന് അനുവദിച്ചിരുന്നില്ല. പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. ബാലുശ്ശേരി എസ്.ഐ എം.വി ബിജുവിന്റെ നേതൃത്വത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."