കോക്കേഴ്‌സ് തീയേറ്റര്‍ ഏറ്റെടുക്കല്‍; സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു
കൊച്ചി: കോക്കേഴ്‌സ് തീയേറ്റര്‍ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മേയറുടെ ചേംബറില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്ട്രക്ചര്‍ ആന്‍ഡ് സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തീയേറ്റര്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടേണ്ടതുണ്ടെന്ന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നു. ഇതോടെ അടുത്ത കൗണ്‍സിലിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികള്‍ നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു. ഇരുകൂട്ടരം തങ്ങളുടെ വാദമുഖങ്ങളില്‍ ഉറച്ചുനിന്നതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.
കോടതി വിധിയുടെ മറവില്‍ തിയേറ്ററിന് അനധികൃതമായി ടിക്കറ്റ് പതിച്ചു നല്‍കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. 2008ല്‍ ടിക്കറ്റ് പതിച്ചുനല്‍കാന്‍ ഹൈക്കോടതി വിധിയുണ്ടായിരുന്നു. അതോടൊപ്പം കെട്ടിടം ഏറ്റെടുക്കാനുള്ള നടപടികളുമായി സഗരസഭയ്ക്ക് മുന്നോട് പോകാമെന്നും പറഞ്ഞിരുന്നു. ഈ സമയത്ത് കെട്ടിടത്തിന് ലൈസന്‍സ് ഉണ്ടായിരുന്നു എന്നാല്‍ പിന്നീട് ലൈസന്‍സ് നല്‍കിയിട്ടില്ല. എന്നാല്‍ കോടതി വിധിയുടെ പേര് പറഞ്ഞ് ലൈസന്‍സ് ഇല്ലാതെ തിയേറ്ററിന് ടിക്കറ്റ് പതിച്ചു നല്‍കുകയാണ്. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന വിധി കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.
കോക്കസ് തീയേറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സിലില്‍ ബഹളമുണ്ടായതിനെ തുടര്‍ന്നാണ് തിയേറ്റര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ മേയര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കോടികള്‍ വിലമതിക്കുന്ന കോക്കേഴ്‌സ് തീയേറ്ററും 50 സെന്റ് സ്ഥലവും ഏറ്റെടുക്കുന്ന കാര്യത്തില്‍ ഭരണപക്ഷം ഉരുണ്ടുകളിക്കുകയാണെന്ന് പ്രതിപക്ഷം കഴിഞ്ഞ കൗണ്‍സിലില്‍ ആരോപിച്ചിരുന്നു. തീയേറ്റര്‍ ഏറ്റെടുക്കാന്‍ ഒരു മാസം മുന്‍പ് നടന്ന കൗണ്‍സിലില്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. ഇന്നലെ നടന്ന കൗണ്‍സിലില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ മേയര്‍ സൗമിനി ജെയിനും ഉദ്യോഗസ്ഥരും പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ലൈസന്‍സ് ഇല്ലാതെയാണ് തീയേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മേയര്‍ സമ്മതിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അടച്ചുപൂട്ടാന്‍ കഴിയില്ല. 64 ലക്ഷം രൂപയാണ് തീയേറ്റര്‍ കെട്ടിടത്തിന് വില നിശ്ചിയിച്ചിരിക്കുന്നത്. ലീസ് തുകയായി 33 ലക്ഷം രൂപ ഉടമ ഇങ്ങോട്ട് നല്‍കണം. ഈ തുക കിഴിച്ച് ബാക്കി 31 ലക്ഷം രൂപ നല്‍കി തീയേറ്റര്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം നേടിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മേയര്‍ പറഞ്ഞു.
ലൈസന്‍സ് എന്നാണ് അവസാനിച്ചതെന്ന ചോദ്യത്തിന് ഫയല്‍ പരിശോധിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ലൈസന്‍സില്ലാതെ ബിവറേജസ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നില്ലേയെന്ന മേയറുടെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മേയര്‍ ലാഘവത്തോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോള്‍ നിയമപരമായ നടപടകളിലൂടെ മാത്രമേ തീയേറ്റര്‍ ഏറ്റെടുക്കൂവെന്ന വാദത്തില്‍ മേയര്‍ ഉച്ചുനിന്നു.
പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയും കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസും വി.പി ചന്ദ്രനും കെ.ജെ. ബേസിലും കൃത്യമായ മറുപടി വേണമെന്ന വാശിയില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ കക്ഷിനേതാക്കളുടെയും സ്റ്റിയറിംഗ് കമ്മറ്റിയുടെയും യോഗം ചേരാമെന്ന് മേയര്‍ സമ്മതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."