ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് മദ്‌റസാ അധ്യാപകരുടെ പങ്ക് പ്രധാനം: ഹൈദരലി തങ്ങള്‍
മലപ്പുറം: ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് മദ്‌റസാ അധ്യാപകരുടെ പങ്ക് പ്രധാനമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ചെറുപ്രായത്തില്‍തന്നെ അക്ഷരജ്ഞാനവും ധാര്‍മിക ശിക്ഷണവും നല്‍കി ഭാവി സമൂഹത്തെ മതബോധമുള്ളവരാക്കിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മദ്‌റസാ അധ്യാപകര്‍. സേവന രംഗത്തുനിന്ന് വിരമിച്ച് അവശത അനുഭവിക്കുന്ന മുഅല്ലിംകളെ സഹായിക്കാന്‍ സമൂഹം തയാറാകണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക കര്‍മ പദ്ധതിയുടെ ഭാഗമായി പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പെന്‍ഷനേഴ്‌സ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ ലക്ഷ്യബോധവും കര്‍മശേഷിയും നഷ്ടപ്പെട്ടവരായി ഉള്‍വലിയുന്ന കാലത്ത് അവരെ നേര്‍പാതയിലേക്ക് കൊണ്ടുവരേണ്ട ചുമതലകൂടി മുഅല്ലിംകള്‍ക്കുണ്ടെന്ന് തങ്ങള്‍ കൂട്ടിചേര്‍ത്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന അഞ്ഞൂറോളം മുഅല്ലിംകളെ പ്രത്യേക ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, ശഫീഖലി ശിഹാബ് തങ്ങള്‍, സമീറലി ശിഹാബ് തങ്ങള്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എ.എ ചേളാരി, അബ്ദുല്‍ഖാദര്‍ ഖാസിമി, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസമദ് മുട്ടം, സി. മുഹമ്മദലി ഫൈസി പാലക്കാട്, ഇല്‍യാസ് ഫൈസി തൃശൂര്‍, ശമീര്‍ ഫൈസി ഒടമല, എ.വി മജീദ് ഫൈസി, സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."