കുരുതിക്കളമാവേണ്ടതല്ല കലാലയങ്ങള്‍
കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ കലാലയങ്ങള്‍ വീണ്ടും മനുഷ്യക്കുരുതിയുടെ ഇടങ്ങളായി മാറുകയാണെന്ന ആശങ്ക ജനിപ്പിക്കുന്നതാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥി അഭിമന്യു ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം. കോളജിലെത്തുന്ന നവാഗതരെ സ്വാഗതം ചെയ്യാനായി ചുമരെഴുത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മതതീവ്രവാദികളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഭിമന്യുവിനെ കുത്തിക്കൊന്നത്. ഇടുക്കി ജില്ലയിലെ ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ നിന്ന് ഏറെ ജീവിത ദുരിതങ്ങള്‍ താണ്ടി കോളജില്‍ പഠിക്കാനെത്തിയ ഈ ചെറുപ്പക്കാരന്റെ ജീവനെടുക്കുക വഴി ഒരു ദരിദ്ര കുടുംബത്തിന്റെ ഭാവി പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ക്രൂരമായി തല്ലിക്കെടുത്തിയിരിക്കുകയാണ് അക്രമികള്‍.
കേരളത്തില്‍ കാംപസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം അക്രമാസക്ത ഭാവം കൈവരിച്ചിട്ട് കാലം കുറച്ചായി. വിദ്യാലയങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നിരോധിക്കണമെന്ന അരാഷ്ട്രീയ മുറവിളികള്‍ക്കു പ്രേരകമായത് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ സംസ്ഥാനത്തുണ്ടായ അക്രമപരമ്പരയാണ്. യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ സംഘബോധമോ രാഷ്ട്രീയ നിലപാടുകളോ ഒന്നുമല്ല ഇതിനുകാരണം. അധികാരവുമായി ബന്ധപ്പെട്ട ദുഷ്ടലാക്കുകളോടെ പുറത്തിരുന്ന് വിദ്യാര്‍ഥി സംഘടനകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷി നേതാക്കളും അവരുടെ പിണിയാളുകളായി സംഘടനകളുടെ നേതൃസ്ഥാനങ്ങളിലെത്തുന്ന കുട്ടിനേതാക്കളുമൊക്കെയാണ് ഇതിനുത്തരവാദികള്‍.
ഭിന്നാഭിപ്രായങ്ങളുടെ സര്‍ഗാത്മക സംവാദവും പ്രതിപക്ഷ ബഹുമാനത്തോടെയും സൗഹൃദത്തോടെയുമുള്ള മത്സരങ്ങളും ശീലമാക്കിയ വിദ്യാര്‍ഥി സംഘടനകളുടെ സാന്നിധ്യം യഥാര്‍ഥത്തില്‍ ജനാധിപത്യ വ്യവസ്ഥയിലെ കാംപസുകളില്‍ വിദ്യാര്‍ഥികളുടെ സാമൂഹിക, സാംസ്‌കാരിക ബോധങ്ങളെ സമ്പുഷ്ടമാക്കുകയായിരിക്കും ചെയ്യുക. അത്തരം സംസ്‌കൃത ബോധങ്ങളുടെ അസാന്നിധ്യം ഇളംമനസുകളില്‍ സാമൂഹ്യവിരുദ്ധതയും ഫാസിസ്റ്റ് ചിന്തകളുമൊക്കെ മുളപൊട്ടാനായിരിക്കും ഉപകരിക്കുക. നിര്‍ഭാഗ്യവശാല്‍ രണ്ടാമതു പറഞ്ഞതാണിപ്പോള്‍ കേരളത്തിലെ കാംപസുകളില്‍ സംഭവിക്കുന്നത്. ചെയ്യുന്നതെന്താണെന്ന് സ്വയമറിയാതെ അധികാര രാഷ്ട്രീയക്കാരുടെ താളത്തിനു തുള്ളാന്‍ വിധിക്കപ്പെട്ട വിദ്യാര്‍ഥി രാഷ്ട്രീയക്കാരുടെ താവളങ്ങളാണ് ഇന്ന് നമ്മുടെ കാംപസുകള്‍. ഇങ്ങനെ ശരിയായ അര്‍ഥത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥി സംഘടനകള്‍ ആയുധമെടുത്തു പോലും താണ്ഡവമാടുന്ന കാംപസുകളില്‍ തീവ്രവാദ, ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. അതിന്റെ വ്യക്തമായ അടയാളം കൂടിയാണ് അഭിമന്യൂ വധം.
കേരളത്തിലെ കാംപസുകളെ ഈ പരുവത്തിലെത്തിച്ചതിന് പ്രധാന ഉത്തരവാദികള്‍ അഭിമന്യുവിന്റെ പ്രസ്ഥാനമായ എസ്.എഫ്.ഐ തന്നെയാണെന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലുമൊക്കെയായി വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷങ്ങളില്‍ 90 ശതമാനത്തിലധികം സംഭവങ്ങളിലും ഒരു പ്രതി എസ്.എഫ്.ഐ ആണ്. മറുപക്ഷത്ത് ആരുമാവാം. തങ്ങള്‍ക്കു മേല്‍ക്കൈ ലഭിക്കുന്ന കാംപസുകളില്‍ രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കുന്ന ശൈലി ആ സംഘടന സ്വീകരിച്ചിട്ട് കാലമേറെയായി. അവരുടെ പേശീബലത്തില്‍ നിരവധി കാംപസുകളില്‍ മറ്റു മതേതര, ജനാധിപത്യ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നിശ്ചലമായിട്ടുണ്ട്. ജനാധിപത്യ സംവാദങ്ങള്‍ അസാധ്യമാകുന്ന ഇടങ്ങളില്‍ മതതീവ്രവാദത്തിനും ഫാസിസത്തിനും സാമൂഹ്യവിരുദ്ധതയ്ക്കുമൊക്കെ വേരോട്ടം ലഭിക്കുന്നത് സ്വാഭാവികമാണ്. കെ.എസ്.യുവും എം.എസ്.എഫും എ.ഐ.എസ്.എഫുമൊക്കെ അടിച്ചൊതുക്കപ്പെട്ട കാംപസുകളില്‍ എ.ബി.വിപിയും കാംപസ് ഫ്രണ്ടുമടക്കമുള്ള മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ആ രാഷ്ട്രീയ ദുരവസ്ഥയുടെ തന്നെ ഇരയാണ് അഭിമന്യു.
കലാലയങ്ങളില്‍ മനുഷ്യക്കുരുതി നടക്കുമ്പോള്‍ എതിരാളികളെ പഴിപറഞ്ഞ് പ്രസ്താവനയിറക്കുകയോ മറ്റു കൊലപാതകങ്ങളുടെ കണക്കുകള്‍ നിരത്തി ഏതെങ്കിലുമൊരു കൊലയെ ന്യായീകരിക്കുകയോ ചെയ്യുന്ന കുടില രാഷ്ട്രീയ ശീലങ്ങള്‍ കലാലയങ്ങളിലെ അക്രമങ്ങള്‍ക്കു പരിഹാരമാവില്ല. കലാലയങ്ങളില്‍ ശാന്തി നിലനില്‍ക്കണമെങ്കില്‍ അതിന് ആദ്യം മനസുവയ്‌ക്കേണ്ടത് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മക്കളുടെയും പേരക്കിടാങ്ങളുടെയുമൊക്കെ പ്രായമുള്ള കുട്ടികളെ ഇനിയും കുരുതികൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഗൗരവതരമായ പുനര്‍വിചിന്തനത്തിന് അവര്‍ തയാറാവണം. ഇതേ മഹാരാജാസ് കോളജില്‍ തന്നെ എസ്.എഫ്.ഐക്കാര്‍ ശേഖരിച്ചതെന്നു കരുതപ്പെടുന്ന മാരകായുധങ്ങള്‍ കണ്ടെത്തിയപ്പോള്‍ അതു നിര്‍മാണ സാമഗ്രികളാണെന്നു പറഞ്ഞു ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നു തന്നെ തുടങ്ങണം ആ പുനര്‍വിചിന്തനം. ഒപ്പം, ഭാവിയില്‍ അനന്തസാധ്യതകളുള്ള സ്വന്തം ജീവിതം ഏതെങ്കിലും അധികാര രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ബലികൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് വിദ്യാര്‍ഥി സമൂഹവും തയാറാവണം. അല്ലാതെ കലാലയങ്ങളെ കലാപവിമുക്തമാക്കാന്‍ വേറെ എളുപ്പമാര്‍ഗങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."