പ്രചാരണച്ചൂടിനിടയില്‍ ജാമ്യം തേടി സ്ഥാനാര്‍ഥികളുടെ ഓട്ടം
കൊച്ചി: വെയിലും പ്രചാരണച്ചൂടും പൊള്ളുമ്പോള്‍ സ്ഥാനാര്‍ഥികളില്‍ ചിലര്‍ക്കെല്ലാം ജാമ്യം തേടി മണ്ഡലത്തിന് പുറത്തേക്ക് ഓടേണ്ട അവസ്ഥയാണ്.
പോരാട്ട രംഗത്ത് സജീവമായി നിലകൊണ്ട സ്ഥാനാര്‍ഥികളില്‍ പലരും വിവിധ കോടതികളില്‍ പോയി നിലവിലെ കേസുകളില്‍ ജാമ്യം വാങ്ങിയില്ലെങ്കില്‍ നോമിനേഷന്‍ പ്രക്രിയയില്‍ വെള്ളം കുടിക്കും. അതുകൊണ്ടു തന്നെ ഓരോ സ്ഥാനാര്‍ഥിയും നേരത്തെ വന്ന സമന്‍സുകളും ചുമത്തപ്പെട്ട കേസുകളും പരിശോധിച്ച് അതത് കോടതികളിലെത്തി കേസില്‍ ജാമ്യമെടുക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.
പ്രമുഖരായ സ്ഥാനാര്‍ഥികളെല്ലാം കേസില്‍ ജാമ്യം നേരത്തെ തന്നെ തേടുകയായിരുന്നു. നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്നു മുതല്‍ ഏപ്രില്‍ നാലു വരെയാണ്. പത്രികയ്‌ക്കൊപ്പം പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്നതാണ് തെരഞ്ഞെടുപ്പ് ചട്ടം. സ്ഥാനാര്‍ഥിയുടെ സ്വത്തുവിവരങ്ങള്‍ക്കൊപ്പം അവരുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്‍ അടക്കമുള്ള പൂര്‍ണവിവരങ്ങള്‍ നല്‍കണം. കേസുകള്‍ സംബന്ധിച്ചും അവയില്‍ ജാമ്യം നേടിയതു സംബന്ധിച്ചും ഫോം 26 ല്‍ പരാമര്‍ശിച്ചിരിക്കണം.
ശബരിമല വിഷയത്തിലെ സമരങ്ങള്‍ ഇത്തവണ നിരവധി നേതാക്കള്‍ക്കു വിനയായിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരേ ഈ സമരത്തിന്റെ കേസുകളുണ്ട്. സമരങ്ങള്‍ നടന്നുകഴിയുമ്പോള്‍ അത് സംബന്ധിച്ച കേസുകള്‍ അതത് സ്ഥലത്തെ കോടതികളിലുണ്ടാകും. കോടതികളില്‍നിന്ന് സമന്‍സ് വന്നാലും തിരക്കിനിടയില്‍ കോടതികളിലെത്തി യഥാസമയം ജാമ്യം നേടുക നേതാക്കള്‍ക്കെല്ലാം സാധ്യമാകാറില്ല. ഇത്തരത്തിലുള്ളവര്‍ക്ക് ജാമ്യം തേടി ഓടേണ്ടിവരുന്നത് സ്ഥാനാര്‍ഥിത്വം ലഭിക്കുമ്പോഴാണ്.
ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്നതിനായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിച്ചിട്ടുള്ളതിനാല്‍ മത്സരിക്കുന്ന എം.എല്‍.എമാരും എം.പിമാരും എറണാകുളത്തെത്തി കഴിഞ്ഞ ദിവസങ്ങളില്‍ ജാമ്യമെടുത്തിരുന്നു. ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഏര്‍പെടുത്തിയതു ലംഘിച്ച് സമരം നടത്തിയ യു.ഡി.എഫ് നേതാക്കളും ബി.ജെ.പി നേതാക്കളും കഴിഞ്ഞ ദിവസം പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ എത്തി ജാമ്യം നേടിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും ഉപനേതാവ് എം.കെ മുനീറിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച പത്തനംതിട്ടയിലെത്തി കൂട്ടത്തോടെ ജാമ്യം തേടിയവരില്‍ പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി അടൂര്‍ പ്രകാശുമുണ്ടായിരുന്നു.
ചാലക്കുടിയിലെ സ്ഥാനാര്‍ഥി കൂടിയായ യു.ഡി.എഫ് കണ്‍വീനര്‍ ബെനി ബെഹനാന്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തി കേസുകളില്‍ ജാമ്യമെടുത്തിരുന്നു. വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജന്‍ ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഓഫിസിലേക്ക് നടത്തിയ പ്രകടനം ഉള്‍പ്പെടെ നാല് കേസുകളില്‍ ജാമ്യമെടുക്കാന്‍ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരായിരുന്നു.
ശബരിമല സംഭവത്തിലെ പ്രക്ഷോഭം ഉള്‍പ്പെടെ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍ തുടങ്ങിയവര്‍ ജാമ്യം നേടിയിരുന്നു. ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, കെ.എസ് രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും ജാമ്യമെടുക്കാന്‍ പ്രചാരണത്തിനിടയില്‍ സമയം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."