വയോധികയെ അക്രമിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍
മണ്ണഞ്ചേരി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടുകയറി അക്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പുന്നേപറമ്പില്‍ രാജുവിന്റെ മകന്‍ സുരാജ്(26) ആണ് പിടിയിലായത്. മണ്ണഞ്ചേരിയില്‍ അമ്പനാകുളങ്ങരക്ഷേത്രത്തിന് കിഴക്ക് വെള്ളാഞ്ഞലിയില്‍ പാര്‍വ്വതിഅമ്മ(തങ്കമ്മ -72)യെ ആയിരുന്നു അക്രമിച്ചത്. പാര്‍വ്വതിയമ്മയുടെ അയല്‍വാസിയാണ് പിടിയിലായ സുരാജ്. കഴിഞ്ഞ 13 ന് രാത്രി 12 ഓടെയായിരുന്നു അക്രമം.
സംഭവദിവസം പ്രതി തനിച്ചുതാമസിച്ചിരുന്ന പാര്‍വ്വതി അമ്മയുടെ വീടിന്റെ പിന്‍വാതിലിലൂടെ അകത്തുകടക്കുകയായിരുന്നു.വാതില്‍ തുറക്കുന്ന ശബ്ദം കേട്ട പാര്‍വ്വതിയമ്മ ടോര്‍ച്ചുമായി പിന്നാമ്പുറത്തേക്ക് എത്തിയപ്പോള്‍ ഇയാള്‍ വൃദ്ധയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുതറിമാറിയ പാര്‍വ്വതിയമ്മ കൈയ്യിലിരുന്ന ടോര്‍ച്ച് തെളിച്ച് പ്രതിയുടെ മുഖത്തടിച്ചിരുന്നു. തന്നെ പാര്‍വ്വതിയമ്മ തിരിച്ചറിയുമെന്ന് മനസിലാക്കി അടുക്കളയില്‍ നിന്നും ചിരവയെടുത്ത് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. വൃദ്ധ അടിയേറ്റ് മരിച്ചതായി കരുതിയ സുരാജ് പണത്തിനായി അലമാരയും പെട്ടികളും തുറന്ന് പരിശോധിച്ചിരുന്നു.
സമീപവാസി കൈനീട്ടം നല്‍കാന്‍ പുലര്‍ച്ചേ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ചലനമറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു പാര്‍വ്വതിഅമ്മ.ഇയാള്‍ നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് പാര്‍വ്വതിഅമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം പ്രദേശത്തെ നൂറോളം പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു. ഹൗസ് ബോട്ടിലെ സ്രാങ്കായ പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലിസ് പറഞ്ഞു. ലഹരി ഉപയോഗിച്ചശേഷം സ്ത്രീകള്‍ ഒറ്റയ്ക്കുതാമസിക്കുന്ന വീടുകളില്‍ എത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച് ഉപദ്രവിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. സംഭവത്തിനുശേഷം ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീഖിന്റെ നിര്‍ദേശപ്രകാരം ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര്‍ റെസ്റ്റം, മാരാരിക്കുളം സി.ഐ ജെ ഉമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.മണ്ണഞ്ചേരി എസ്.ഐ കെ.രാജന്‍ബാബു,വി.ഉല്ലാസ്,ജിതിന്‍,മനോജ്,ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."