വിദ്യാര്‍ഥികളുടെ ബസ് യാത്രാ പ്രശ്‌നം: ജനകീയ ഇടപെടല്‍ വേണം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി
വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറുന്ന ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പ്രോത്സാഹനം നല്‍കും
മലപ്പുറം: ജില്ലയില്‍ സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് ശക്തമായ ജനകീയ ഇടപെടല്‍ വേണമെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, പുറപ്പെടുന്ന സമയം വരെ പുറത്തു വരിയില്‍ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, അറപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുക, അവഹേളിക്കുക തുടങ്ങിയ നീക്കങ്ങള്‍ യഥാസമയം പ്രതിരോധിക്കാന്‍ പൊതുജനം കൂടി തയാറാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. സ്വന്തം കുട്ടിയെ പോലും പുറത്ത് നിര്‍ത്തുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്യാതിരിക്കുന്നത് അപകടകരമായ പ്രവണതയാണ് വളര്‍ത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച കുറഞ്ഞ യാത്രാക്കൂലി ബസുടമകള്‍ നല്‍കുന്ന ഇളവല്ലെന്നും അതു സര്‍ക്കാര്‍ അനുവദിച്ച സ്റ്റുഡന്റ് ടിക്കറ്റ് നിരക്കാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ ബസ് ഉടമകള്‍, ജീവനക്കാര്‍, കുട്ടികള്‍, പൊതുജനങ്ങള്‍ എന്നിവരെ ബോധവത്കരിക്കുന്നതിന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി വിപുലമായ പരിപാടികള്‍ നടത്തും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിക്കുന്ന ബസുടമകളെയും ജീവനക്കാരെയും പോലെ വിദ്യാര്‍ഥികളോട് മാന്യമായി പെരുമാറുന്ന ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും വേണ്ട പ്രോത്സാഹനവും പരിശീലനവും നല്‍കും. മാസത്തില്‍ ഒരു ദിവസം ജില്ലയിലെ മുഴുവന്‍ കേന്ദ്രങ്ങളിലും സ്‌കൂള്‍ കുട്ടികളുടെ ബസ് യാത്രാ സംവിധാനം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗം ജില്ലാ പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലും കോ-ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ സാന്നിധ്യത്തിലുമായിരുന്നു യോഗം ചേര്‍ന്നത്. കുട്ടികളെ അവഹേളിക്കുന്ന ബസ് ജീവനക്കാരുടെ സമീപനം തടയുന്നതിനും കുട്ടികളിലെ ലഹരി വ്യാപനവും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും പ്രതിരോധിക്കുന്നതിനും പഞ്ചായത്തുകള്‍ തോറും ജനകീയ സന്നദ്ധ ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ സുഭാഷ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓപീസര്‍ സമീര്‍ മച്ചിങ്ങല്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്- ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വേള്‍ഡ് വിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."