വൈദ്യുതി ഉപയോഗം കുതിക്കുന്നു: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരുമെന്ന് സൂചന
തൊടുപുഴ: വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും റെക്കോര്‍ഡ് തിരുത്തി.
85.8957 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപയോഗിച്ചത്. ഒറ്റ ദിവസം കൊണ്ട് 16.8 ലക്ഷം യൂനിറ്റിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ച് 31 വരെ പിടിച്ചുനില്‍ക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് സൂചന.
വൈദ്യുതി ബോര്‍ഡിന് കീഴില്‍ കളമശേരി ആസ്ഥാനമായുള്ള സ്‌റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററാണ് (എസ്.എല്‍.ഡി.സി) ആഭ്യന്തര ഉല്‍പാദനം, കേന്ദ്ര വിഹിതം, പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി വാങ്ങല്‍ എന്നിവ ഏകോപിപ്പിക്കുന്നത്.
ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യം എസ്.എല്‍.ഡി.സി മൂന്‍കൂട്ടി കണക്കുകൂട്ടി പദ്ധതി തയ്യാറാക്കുന്ന രീതിയാണ് തുടരുന്നത്. എന്നാല്‍, ഇവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രാത്രി വൈകിയുള്ള ഉപയോഗവും കുതിച്ചുയരുകയാണ്.
പകല്‍ സമയത്തേയും രാത്രിസമയത്തേയും റെക്കോര്‍ഡുകള്‍ ഇന്നലെ മറികടന്നു. 3725 മെഗാവാട്ട് വൈദ്യുതിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വേണ്ടിവന്നത്. രാത്രിയില്‍ ഇത് 4211 മെഗാവാട്ട് വരെയെത്തി. ഇതിന് മുന്‍പ് യഥാക്രമം 3600 ഉം 4100 ആയിരുന്നു റെക്കോര്‍ഡ്. കഴിഞ്ഞ 19നാണ് ഇത് രേഖപ്പെടുത്തിയത്.
അതേസമയം, വൈകിട്ട് 7 മുതല്‍ 10 വരെയായി നിജപ്പെടുത്തിയിരുന്ന പീക്ക് ടൈമും മാറ്റേണ്ടിവരും. എ.സിയുടെയും ഫാനിന്റെയും ഉപയോഗം കൂടിയതോടെ രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 1.45 വരെ പീക്ക് ടൈമിലും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് കെ.എസ്.ഇ.ബിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വൈദ്യുതി ഉപയോഗം കൂടിയതോടെ ആഭ്യന്തര ഉല്‍പാദനം 26.885 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. ഇടുക്കി പദ്ധതിയില്‍ നിന്നുമാത്രം 12.092 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇടുക്കിയില്‍ ഉല്‍പാദനം ഉയര്‍ത്തിയതോടെ മലങ്കര അണക്കെട്ടില്‍ കൂടുതല്‍ വെള്ളമെത്തി സംഭരണശേഷി കവിഞ്ഞു.
ഇതോടെ മലങ്കര അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 30 സെ.മീ. ഉയര്‍ത്തി തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കി. 59.0107 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചത്. 1891.841 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇനി അവശേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."