വിമാനവാഹിയിലെ മോഷണം സാരമുള്ളത്; സംശയ നിഴലില്‍ ചൈന, മോഷ്ടിക്കപ്പെട്ടത് രൂപരേഖയും യന്ത്രവിന്യാസവും
കൊച്ചി: ഇന്ത്യ തദ്ദേശിയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലിലെ മോഷണം സാരമുള്ളതും കേവലം സാമ്പത്തികത്തിനെന്ന പേരില്‍ തള്ളിക്കളയാവുന്നതല്ലെന്നും അന്വേഷണ ഏജന്‍സികള്‍. മോഷണം ഭാവിയില്‍ വിമാനവാഹിനിക്ക് ഏതെങ്കിലും സുരക്ഷാ ഭീഷണിയുണ്ടാക്കിയേക്കുമോ എന്നു നാവിക സംഘം അന്നേ പരിശോധിച്ചിരുന്നു.
കപ്പലിന്റെ രൂപരേഖയും യന്ത്രവിന്യാസവുമായും ബന്ധപ്പെട്ട 31 കംപ്യൂട്ടറുകളില്‍ നിന്ന് അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍, മൂന്ന് മൈക്രോ ചിപ്പുകള്‍, ആറ് റാമുകള്‍ എന്നിവയാണ് കപ്പലില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് പുറത്തുവന്ന വിവരം. കേബിളുകളും കോളിങ് സ്‌റ്റേഷന്‍ അടക്കമുള്ള ചില ഉപകരണങ്ങളും ഇതിലുള്‍പ്പെടുന്നതായും പറയുന്നു. ഹാര്‍ഡ് ഡിസ്‌കുകളിലെ വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ, കൈമാറ്റം ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ കണ്ടെത്താനായാല്‍ മാത്രമേ മോഷണത്തിന്റെ ചാരസ്വഭാവം മനസിലാക്കാനാവൂ എന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ കപ്പല്‍ നിര്‍മാണമാരംഭിച്ച അതേ കാലയളവില്‍ ചൈനയും അവരുടെ രണ്ടാമത്തെ വിമാനവാഹിനി നിര്‍മിക്കാനാരംഭിച്ചിരുന്നു. ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ രഹസ്യവിവരങ്ങള്‍ സ്വാഭാവികമായും ശത്രു രാജ്യം തേടിയേക്കാമെന്ന സംശയം അന്നുണ്ടായിരുന്നു. ഇന്ത്യയുടെ കപ്പല്‍ വലിയ മാനങ്ങളുണ്ടാക്കുമെന്നും പ്രത്യേകിച്ച് തങ്ങളുടെ പിന്നാമ്പുറമായി ചൈന കരുതുന്ന പസഫിക് മഹാസമുദ്രത്തിലേക്കുവരെ അത് വന്നേക്കാമെന്നും ചൈനീസ് പ്രതിരോധ വൃത്തങ്ങള്‍ ആശങ്കപ്പെട്ടിരുന്നതും രഹസ്യമല്ല.
2013ല്‍ വിമാനവാഹിനി നീരണിഞ്ഞതിനുപിന്നാലെ ചൈനീസ് പീപ്പള്‍സ് ടിവിയുടെ പ്രതിനിധിയെന്ന് (സി.സി.ടി.വി) അവകാശപ്പെട്ടയാള്‍ നാവികസേന ഉന്നതനുമായി ബന്ധപ്പെട്ട് 'ഡി.ഡി റിപ്പോര്‍ട്ടറാണ് ഫോണ്‍നമ്പര്‍ തന്നതെന്നു' പറഞ്ഞ് ഫോട്ടോകളും വിഡിയോകളും തേടിയിരുന്നു. നിഷേധിച്ചപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ കൊടുത്ത നമ്പറാണെന്നു പറഞ്ഞ് ഡി.ഡി റിപ്പോര്‍ട്ടറെയും വിളിച്ചു. സംശയം തോന്നിയ ഡി.ഡി പ്രതിനിധി, ഈ ഉദ്യോഗസ്ഥനുമായി സംസാരിച്ചതോടെയാണ് ചൈനീസ് ബന്ധത്തിന്റെ അസാധരണത്വം മുളപൊട്ടിയത്. അന്നുതന്നെ പ്രതിരോധ മന്ത്രാലയം കര്‍ശന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്. എന്നാല്‍ 2019 സെപ്തംബറില്‍ കപ്പലില്‍ മോഷണം സംഭവിച്ചു.
ബംഗളൂരുവിലെ ഭാരത് ഇലക്ട്രിക്കല്‍സ് വികസിപ്പിച്ച ഇന്റഗ്രേറ്റഡ് പ്ലാറ്റ് ഫോം മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐ.പി.എം.എസ്) സാങ്കേതിക വിവരങ്ങള്‍ അതീവ സുരക്ഷ നിലനില്‍ക്കേ മോഷ്ടിച്ചത് ശമ്പളം കിട്ടാഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്. 52 പേര്‍ക്കാണ് കപ്പലില്‍ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ ഇരിക്കുന്നിടത്ത് പ്രവേശനം ഉണ്ടായിരുന്നത്. പുറത്തെ ഏജന്‍സിയില്‍ നിന്നുള്ള 82 പേര്‍ കപ്പലിനുള്ളില്‍ ജോലിയിലുണ്ടായിരുന്നു. അഞ്ഞൂറിലധികം കരാര്‍ തൊഴിലാളികളും നിര്‍മാണത്തില്‍ പങ്കാളികളാണ്.
തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് റഷ്യന്‍ സഹായത്തോടെ നിര്‍മിക്കുന്ന വിമാനവാഹിനിയാണിത്. 2018ല്‍ നാവികസേനയുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്ന യുദ്ധക്കപ്പല്‍, റഷ്യയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ എത്താന്‍ വൈയതിനാലാണ് നീണ്ടുപോയത്. അടുത്തവര്‍ഷം അവസാനത്തോടെയോ 2022 ആദ്യമോ കപ്പല്‍ കമ്മിഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നതെന്ന് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."