ഡല്‍ഹി കൂട്ടമരണം: പുതിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: കുടുംബത്തിലെ ഒരു അംഗത്തിന്റെ അന്ധവിശ്വാസമാണ് ഡല്‍ഹിയിലെ കൂട്ടമരണത്തിനു പിന്നിലെന്ന് പൊലിസ്. മരിച്ച നാരായണ്‍ ദേവിയുടെ ഇളയ മകന് ലളിത് ഭാട്ടിയ (45) ആണ് ഇവരെ മരണത്തിലേക്കു നയിച്ചതത്രെ. പത്തുവര്‍ഷം മുമ്പ് മരിച്ച ഭാട്ടിയയുടെ പിതാവ് ഇയാളോട് സംസാരിക്കുന്നതായി അനുഭവപ്പെടാറുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
മരിച്ചു പോയ പിതാവിന്റെ നിര്ദേശങ്ങള്ക്കനുസരിച്ചാണത്രെ ഇയാള്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ഇയാളുടെ കുറിപ്പുകളില്‍ നിന്നാണ് പൊലിസിന് ഇക്കാര്യം വ്യക്തമായത്. കുടുംബത്തിന് ദുര്‍വിധി വരുന്നുണ്ടെന്നും അതില്‍ നിന്ന് എല്ലാവരും രക്ഷിക്കപ്പെടുമെന്നും ഇയാളോട് പറഞ്ഞിരുന്നു. 'അവസാന നിമിഷം വരുമ്പോള്‍, അവസാനത്തെ ഇച്ഛ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ആകാശം പിളരുന്നതായും ഭൂമി വിറക്കുന്നതായും അനുഭവപ്പെടും. പേടിക്കേണ്ടതില്ല. ഞാന്‍ നിങ്ങളെ രക്ഷിക്കും' എന്ന് ഇയാളുടെ പിതാവ് പറഞ്ഞതായി വിശ്വസിച്ചിരുന്നവെന്നാണ് കുറിപ്പുകളില്‍ നിന്ന് മനസ്സിലായതെന്നും പൊലിസ് പറഞ്ഞു. തന്നോട് പിതാവ് ഇക്കാര്യം പറഞ്ഞതായി ഇയാള്‍ കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ലോകാവസാനം വരികയാണെന്നും ഇവര്‍ വിശ്വസിച്ചിരുന്നു.ബുരാരി പ്രദേശത്ത് പലചരക്ക് കട നടത്തിയിരുന്ന ഭാട്ടിയ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 77 കാരിയായ നാരായണ്‍ ദേവി, ഇവരുടെ മക്കളായ ഭവനീഷ് ഭാട്ടിയ (50), ഇവരുടെ മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബമാണ് മരിച്ചത്. രാജസ്ഥാനില്‍ നിന്ന് 22 വര്‍ഷം മുന്‍പു ബുരാരിയിലെ സന്ത് നഗറില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസാണ്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ വീടും താഴെ കടയുമാണ്. അതിനിടെ ഏതെങ്കിലും ആള് ദൈവങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇവിടെ നിന്നു ലഭിച്ച ഇവരുടെ ഡയറിക്കുറിപ്പുകളും വിശദമായി പൊലിസ് പഠിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."