വന്ദേഭാരത് മിഷൻ; സഊദിയിൽ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടത് ഇന്നു മൂന്നു വിമാനങ്ങൾ
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം സഊദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന വന്ദേഭാരത് പദ്ധതി പ്രകാരം ജിദ്ദയിൽനിന്ന് 415 യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 11.05ന് പുറപ്പെട്ട വിമാനത്തിൽ 116 ഗർഭിണികൾക്കു പുറമെ 17 കുട്ടികളും 40 തൊഴിൽ നഷ്ടപ്പെട്ടവരും 76 രോഗികളും പ്രവാസം അവസാനിപ്പിച്ചു പോകുന്ന 112 പേരും ഉണ്ടായിരുന്നു. കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും യാത്രക്കാർക്കുവേണ്ട സേവനങ്ങളുമായി രംഗത്തുണ്ടായിരുന്നു.
റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരെയും വഹിച്ച് കോഴിക്കോട്ടേക്കുള്ള എ.ഐ 1954 വിമാനം രാവിലെ 11.35നാണ് പറന്നുയർന്നത്
147 മുതിർന്നവരും 13 കുട്ടികളുമാണ് യാത്രക്കാരായുള്ളത്. വിദൂര ഭാഗങ്ങളിൽ നിന്നെത്തിയതും റിയാദ് നഗരത്തിലുള്ളതുമായ യാത്രക്കാരിൽ കുടുംബങ്ങളും ഏറെയുണ്ട്. സന്ദർശന വിസയിലുള്ളവരും ജോലി നഷ്ടപ്പെട്ടവരും എക്സിറ്റ് വിസയിലുള്ളവരും പ്രായമുള്ളവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. രാവിലെ മുതൽ തന്നെ ആളുകൾ വിമാനത്താവളത്തിലെത്തി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാരായ കുടുംബങ്ങൾക്ക് ഫേസ്മാസ്കും ഗ്ലൗസും സേഫ്റ്റി ഡ്രസും അടങ്ങിയ പി.പി കിറ്റുകൾ സമ്മാനിച്ചു. ദമ്മാമിൽ നിന്ന് 12 കുട്ടികളുൾപ്പെടെ 332 യാത്രക്കാരെയും വഹിച്ചാണ് എ.ഐ 1930 വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇരു വിമാനങ്ങളും വൈകീട്ടോടെ കണ്ണൂരിലും കോഴിക്കോട്ടുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."