മാനസരോവര്‍: 1500 പേര്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി : കൈലാസ് മാനസരോവര്‍ യാത്രക്ക് പോയി നേപ്പാളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. കോഴിക്കോട് സ്വദേശികളായ വനജാക്ഷി, ചന്ദ്രന്‍, എറണാകുളം സ്വദേശി ലക്ഷ്മി, മലപ്പുറം സ്വദേശി രമാദേവി എന്നിവരെ സിമിക്കോട്ടില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ നേപ്പാള്‍ ഗഞ്ചിലെത്തിച്ചു. നൂറിലേറെപ്പേരെ ഇത്തരത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. 1500 തീര്‍ഥാടകരാണ് പ്രതികൂല കാലാവസ്ഥ കാരണം വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയത്. ആന്ധ്രാ സ്വദേശിയായ ഒരു തീര്‍ഥാടകന്‍ മരിച്ചതായും വാര്‍ത്തയുണ്ട്. നേപ്പാള്‍ സര്‍ക്കാരും യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാവുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങുകയായിരുന്നു. നൂറോളം മലയാളികളാണ് ഇതിലുണ്ടായിരുന്നത്.
ചെറുവിമാനങ്ങളുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നുണ്ട്. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പ്രതികരിച്ചു.
സിമിക്കോട്ട്, ഹില്‍സ, തിബറ്റ് എന്നിവിടങ്ങളിലായാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയും പലയിടത്തും മണ്ണിടിച്ചിലുണ്ടായതുമാണ് യാത്ര ദുഷ്‌കരമാകാന്‍ കാരണം
തീര്‍ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ ഹോട്ട്‌ലൈന്‍ നമ്പറുകളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.മലയാളികള്‍ക്കായി + 977 9808500644(രഞ്ജിത്ത്) ആണ് ബന്ധപ്പെടേണ്ട നമ്പര്‍.
കഴിഞ്ഞ ജൂണ്‍ 21നാണ് കൈലാസയാത്രയ്ക്കായി കേരളത്തില്‍നിന്നുള്ള 37 അംഗ സംഘം യാത്രതിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."