ഉദാരതയുടെ പേര്
അന്യന്റെ പ്രയാസത്തില്‍ ദുഃഖിക്കുകയും നേട്ടത്തില്‍ സന്തോഷിക്കുകയും ചെയ്യാന്‍ കഴിയണമെങ്കില്‍ നന്മ നിറഞ്ഞ മനസ് വേണം. ആലങ്കാരികമായി പറയുകയല്ല, അനുഭവത്തില്‍നിന്ന് പങ്കുവയ്ക്കുകയാണ് - മെട്രോ മുഹമ്മദ് ഹാജി നന്മയുടെ ആള്‍രൂപമായിരുന്നു. കടക്കെണിയില്‍ കുടുങ്ങിയും മറ്റു സാമ്പത്തിക പ്രയാസത്തില്‍ പെട്ടുമൊക്കെ ആളുകള്‍ സ്ഥലവും വീടും സ്വത്തുമൊക്കെ കിട്ടുന്ന വിലക്ക് വില്‍ക്കാറില്ലേ. അത്തരം ഘട്ടങ്ങളില്‍ വാങ്ങുന്നത് ആവശ്യക്കാരനാണെങ്കില്‍ പോലും വില കാര്യമായി കുറച്ചാണ് വാങ്ങുക. സ്ഥല ഉടമയുടെ വീഴ്ച മുതലെടുക്കുകയാവും ഇവിടെ. ആരെയും കുറ്റപ്പെടുത്താനാവില്ല. ഇതാണ് നമ്മുടെ സഹജമായ സ്വഭാവം. ഇങ്ങനെ ഒരു സംഭവം മെട്രോ അറിഞ്ഞാല്‍ ഉടന്‍ അവിടെയത്തും. മാന്യമായ മാര്‍ക്കറ്റ് വില നല്‍കി അതു വാങ്ങും. ആവശ്യമുണ്ടായിട്ടല്ല, ആവശ്യക്കാരനെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് നേരിട്ടറിയാം ഇത്തരം ധാരാളം സംഭവങ്ങള്‍.
മെട്രോയെ വളരെ കാലമായിട്ടറിയാം. 13 വര്‍ഷം മുമ്പാണ് ഞാന്‍ കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ഖാസിയാവുന്നത്. അതിനു ശേഷമാണ് ഉറ്റ ആത്മബന്ധമുണ്ടാകുന്നത്. മഹല്ലിന്റെ കാര്യം മാത്രമല്ല, കുടുംബ കാര്യവും വ്യക്തിപരമായ കാര്യവുമൊക്കെ ചര്‍ച്ച ചെയ്യും. അടിയുറച്ച സമസ്തക്കാരനും ആത്മാര്‍ഥതയുള്ള മുസ്‌ലിം ലീഗുകാരനുമായിരുന്നു. ദീനീ കാര്യങ്ങള്‍ക്കായിരുന്നു എന്നും മുന്‍ഗണന എന്നതാണ് എന്നെ മെട്രോയുമായി ഏറെ അടുപ്പിച്ചത്. സൗമ്യ സ്വഭാവത്തിലൂടെ ഈ ഉദാരമതി ആരുടെയും ഹൃദയം കീഴടക്കും. പരിചയക്കാര്‍ക്കൊക്കെ ഇദ്ദേഹം പ്രിയങ്കരനായി മാറിയതും അതുകൊണ്ട് തന്നെ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രമല്ല, പരിചയക്കാരുടെ പ്രശ്‌നങ്ങളും സ്വന്തം പ്രശ്‌നമായി കണ്ടു.
ഭൗതികമായിത്തന്നെ ഒരാള്‍ക്ക് വിജയമോ നേട്ടമോ ഉണ്ടായാല്‍ മെട്രോ മനസ്സറിഞ്ഞ് സന്തോഷിക്കും. മറ്റു ചിലര്‍ക്ക് അസൂയയും അസഹ്യതയും ഉണ്ടാകുന്ന ഘട്ടങ്ങളിലും മെട്രോ ഉള്ളറിഞ്ഞ് സന്തോഷിക്കുകയാണ് പതിവ്. പാവപ്പെട്ടവന് ആശ്വാസമാവുക, അവരെ അകമഴിഞ്ഞ് സഹായിക്കുക എന്നത് ഒരു ദൗത്യമായാണ് അദ്ദേഹം കണ്ടത്. ഇതില്‍ കണ്ടെത്തുന്ന സംതൃപ്തി അത്ഭുതകരമായിരുന്നു. മെട്രോയുടെ ഹോബി തന്നെ അന്യനെ സഹായിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ എന്തെങ്കിലും പ്രയാസത്തിലോ ടെന്‍ഷനിലോ ഇരിക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ സ്വഭാവികമായും ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കും. പിന്നെ എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും അയാളെ കണ്ടെത്തി സഹായം നല്‍കും.
മെട്രോയോട് സഹായത്തിനായി ശുപാര്‍ശ ചെയ്യാന്‍ അഭ്യര്‍ഥിച്ചു വരുന്നവരോടൊക്കെ പറയാറുള്ളത് നേരിട്ടു പോകാനാണ്, ശുപാര്‍ശയുടെ ഒരാവശ്യവും ഇല്ലെന്ന് പറയും. തൃപ്തരാവാതെ അവര്‍ പോകും. തിരിച്ചു വരുന്നത് തികഞ്ഞ സന്തോഷത്തോടെയാവും. സഹായം ചെയ്യുന്നത് മറ്റുള്ളവരറിയണമെന്നാണല്ലോ ചിലര്‍ കരുതാറുള്ളത്. പക്ഷേ, മെട്രോയുടെ താല്‍പര്യം ആരും അറിയരുതെന്നാണ്. വലതു കൈ നല്‍കുന്നത് ഇടതു കൈ അറിയരുതെന്നാണല്ലോ പ്രമാണം.
തികഞ്ഞ മത വിശ്വാസിയായിരുന്ന ഹാജി സാഹിബ്, കടുത്ത മതേതരവാദിയായിരുന്നു. കാസര്‍കോട് ജില്ലയില്‍ മത സൗഹാര്‍ദം നിലനിര്‍ത്താന്‍ അദ്ദേഹം നല്‍കിയ സംഭാവന ചെറുതല്ല. അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലെന്ന് മാത്രമല്ല, വിനയമായിരുന്നു മുഖമുദ്ര, സൗമ്യമായിരുന്നു ഭാവം. ചുണ്ടിലെ വശ്യമായ പുഞ്ചിരി അദ്ദേഹത്തിന്റെ സ്ഥായീഭാവമായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചിട്ടില്ല. അതു രാഷ്ട്രീയ രംഗത്താണെങ്കിലും മതരംഗത്താണെങ്കിലും. പലപ്പോഴും ഭാരവാഹിത്വം അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. സംയുക്ത മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ദുബൈയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട് എനിക്കായി ഒഴിഞ്ഞു തന്നു. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നുവെങ്കിലും ദുബൈയില്‍ മെട്രോയുടെ പെരുമാറ്റം അദ്ദേഹത്തെ നന്നായറിയാമായിരുന്നിട്ടും എന്നെ അത്ഭുതപ്പെടുത്തി. ഒരു സഹായിയും സേവകനുമൊക്കെയായാണദ്ദേഹം പെരുമാറിയത്.
സമസ്തയുടെയും പോഷക സംഘടനകളുടെയും വളര്‍ച്ചക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല. സാമ്പത്തികവും ശാരീരികവും മാനസികവുമായ വലിയ സേവനമാണ് മെട്രോ നല്‍കിയത്. സമസ്തയും അതിന്റെ പ്രവര്‍ത്തകരും ആദരപൂര്‍വം എന്നും അതു മനസ്സില്‍ സൂക്ഷിക്കും. സുപ്രഭാതം തുടങ്ങുന്ന സമയത്ത് വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയും കണ്ണൂര്‍ യൂനിറ്റിന്റെയും കാസര്‍കോട്, കാഞ്ഞങ്ങാട് ബ്യൂറോകളുടെയും കാര്യത്തില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച മെട്രോയുടെ വിയോഗം നികത്താനാവാത്ത വിടവാണ് സമൂഹത്തിലുണ്ടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."