ധാരാവീ... ധാരാവീന്ന് കേട്ടിട്ടുണ്ടോ? ശിവസേന ഇത്തവണ ശരിക്കും കേള്‍ക്കും
ന്യൂഡല്‍ഹി: ധാരാവീ... ധാരാവീന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണ ശിവസേന ധാരാവിയെന്തെന്ന് ശരിക്കും അറിയും. നോട്ടുനിരോധനത്തിന്റെയും പിന്നാലെ വന്ന ജി.എസ്.ടിയുടെയും മുറിവുകള്‍ ഉണങ്ങാത്ത ധാരാവി ഇത്തവണ ശിവസേനയെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കയാണ്. 2014ല്‍ ശിവസേനയുടെ രാഹുല്‍ ഷെവാലെ ജയിച്ച മുംബൈ സൗത്ത്-സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ ആറു നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ധാരാവി. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പിയായിരുന്ന ഏക്‌നാഥ് ഗയ്ക്‌വാദിനെതിരേ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിനായിരുന്നു രാഹുല്‍ ഷെവാലെയുടെ വിജയം. ധാരാവി നിയമസഭാ മണ്ഡലത്തിലും ഷെവാലെയ്ക്കായിരുന്നു ഭൂരിപക്ഷം. ഗെയ്ക്‌വാദ് ഇത്തവണയുമുണ്ട്. എന്നാല്‍ ഷെവാലെ ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പായിട്ടില്ല. നോട്ടുനിരോധനം നട്ടെല്ലൊടിച്ച സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ധാരാവിക്കാര്‍. അതിലൊരു വിഭാഗം അവിടെ വോട്ടവകാശമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. ഭൂരിഭാഗം പേരും കഴിഞ്ഞ തവണ ശിവസേനയ്ക്കാണ് വോട്ടു ചെയ്തത്. ഇത്തവണ അതുണ്ടാകില്ല.
600 ഏക്കറിലായി കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമാണ് ധാരാവി. പാദരക്ഷകള്‍ ഉള്‍പ്പെടെയുള്ള തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഗാര്‍മെന്‍സ് യൂനിറ്റുകള്‍, ബട്ടണുകള്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ക്കാവശ്യമായ വസ്തുക്കളുണ്ടാക്കുന്ന യൂനിറ്റുകള്‍ തുടങ്ങി 7,000 സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ചേരിയിലെ തുകല്‍ക്കമ്പനികളുടെ ബിസിനസ് യാതൊരു ആസൂത്രണവുമില്ലാതെ നോട്ട് നിരോധിച്ചതിലൂടെയും പിന്നാലെ മുന്നൊരുക്കങ്ങള്‍ നടത്താതെ ജി.എസ്.ടി നടപ്പാക്കിയതും മൂലം 80 ശതമാനത്തോളം കുറഞ്ഞു. ബീഫ് നിരോധനം തന്നെ തുകല്‍ മേഖലയ്ക്ക് കാര്യമായ അടിയായതാണ്. അതിനു പിന്നാലെയായിരുന്നു നോട്ടു നിരോധനം. പിന്നാലെ ജി.എസ്.ടിയും വന്നു. 18 ശതമാനമാണ് തുകല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി. ഗാര്‍മെന്‍സ് മേഖലയും പ്രതിസന്ധിയിലായതോടെ തൊഴിലാളികളുടെ കഷ്ടകാലം തുടങ്ങി. ഷര്‍ട്ടൊന്നിന് 13 രൂപ തുന്നല്‍ കൂലിയുണ്ടായിരുന്നത് നിരോധനത്തിന് ശേഷം 10 രൂപയായി കുറഞ്ഞു. 10 രൂപ കൂലിയുണ്ടായിരുന്ന മറ്റുള്ള തുണിത്തരങ്ങളുടെ തുന്നലിന് ആദ്യം ആറു രൂപയായും ജി.എസ്.ടിയോടെ നാലു രൂപയായും കുറഞ്ഞു. കച്ചവടം കുറഞ്ഞതോടെ പലര്‍ക്കും ജോലി നഷ്ടമായി. പല യൂനിറ്റുകളും പൂട്ടി.
നോട്ടുനിരോധനത്തിനു മുമ്പുണ്ടായിരുന്ന ബിസിനസിന്റെ പകുതിയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. എന്നാല്‍ അതുപോലുമുണ്ടാകുന്നില്ല. നേരത്തെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള തൊഴിലാളികളും അവിടെയുണ്ടായിരുന്നെങ്കിലും അവരെല്ലാം നോട്ടുനിരോധനത്തിന് പിന്നാലെ ധാരാവി വിട്ടു. ഇപ്പോള്‍ ബാക്കിയായത് നാട്ടിലേക്ക് തിരിച്ചുചെന്നിട്ടും ഒന്നും ചെയ്യാനില്ലാത്ത ഏതാനും ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. ധാരാവിയിലെ വലിയൊരു ശതമാനം വോട്ടര്‍മാര്‍ മുസ്‌ലിംകളാണ്. കഴിഞ്ഞ തവണ ശിവസേനയെ വിജയിപ്പിച്ച അവര്‍ ഇത്തവണ ശിവസേനയ്ക്ക് വോട്ടു ചെയ്യില്ല.
അവിടെയുള്ള ദലിത് വോട്ടുകളും ശിവസേനയ്ക്ക് എതിരായിട്ടുണ്ട്. ചെമ്പൂരിലുള്ള ദലിതുകളും ഷെവാലെയും തമ്മിലുള്ള പ്രശ്‌നമാണ് ഒരു കാരണം. അതിനെല്ലാമപ്പുറം ധാരാവിയിലെ ദാരിദ്ര്യത്തില്‍ നിന്ന് ചെറുകിട നിര്‍മാണ യൂനിറ്റുകളിലൂടെ കരകയറാനുള്ള പ്രദേശവാസികളുടെ തത്രപ്പാടിനു മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു നോട്ടുനിരോധനം. അതിനാല്‍ ഇത്തവണ ധാരാവി ശിവസേനയെ തോല്‍പ്പിക്കാന്‍ ഒരുങ്ങീട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."