ജനസമ്പര്‍ക്ക പരിപാടി: ദുരിതാശ്വാസനിധിയില്‍ നിന്ന് 85 ലക്ഷം അനുവദിക്കാന്‍ ശുപാര്‍ശ
തൊടുപുഴ: ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജനസമ്പര്‍ക്കപരിപാടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 85,03,000 രൂപക്കുളള ധനസഹായം ലഭ്യമാക്കാനുള്ള ശുപാര്‍ശ തയാറാക്കി. ഈ ശുപാര്‍ശ സര്‍ക്കാരിന് കൈമാറി വളരെ വേഗം അര്‍ഹര്‍ക്ക് സാഹയമെത്തിക്കും.
തൊടുപുഴ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തിലായിരുന്നു ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ നേതൃത്വത്തിലുള്ള താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് നേരത്തെ ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം 5200 ലേറെ അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിനായി 4,036 അപേക്ഷകളാണുണ്ടായിരുന്നത്. ഇതില്‍ അര്‍ഹതക്കനുസരിച്ച് ധനസഹായം ലഭ്യമാക്കണമെന്ന ശുപാര്‍ശയാണ് സര്‍ക്കാരിന് കൈമാറുന്നത്. ഇപ്രകാരമാണ് ആകെ 85,03,000 രൂപക്കുളള ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
മറ്റാവശ്യങ്ങളുമായി ബന്ധപ്പെട്ടും 1200 അപേക്ഷകള്‍ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചു. ഇതിന്മേല്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ നേരിട്ട് സ്വീകരിച്ച 172 അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി നിന്നും ചികിത്സാ ധനസഹായത്തിനുളള 36 അപേക്ഷകളില്‍ അര്‍ഹമായ തുക അനുവദിക്കാന്‍ ശുപാര്‍ശ നല്‍കി.
മരത്തില്‍ നിന്ന് വീണ് ചികിത്സയിലുള്ള ചെപ്പുകുളം ഉദയം പൂമറ്റത്തില്‍ സാബു സുബ്രഹ്മണ്യന് തൊഴില്‍വകുപ്പില്‍ നിന്ന് 50,000 രൂപ ലഭ്യമാക്കാന്‍ കലക്ടര്‍ ശുപാര്‍ശ ചെയ്തു. ഇതിനുളള അപേക്ഷ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി തൊടുപുഴ താലൂക്കില്‍ നിന്നും നേരത്തേ അപേക്ഷ നല്‍കിയവരില്‍ തുക അനുവദിക്കപ്പെട്ട 39 പേര്‍ക്ക് ഇന്നലെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ വെച്ച് 7.45 ലക്ഷം രൂപ വിതരണം ചെയ്തു.
ധനസഹായത്തിനായി തൊടുപുഴ താലൂക്കില്‍ അപേക്ഷിച്ചവരില്‍ 237 പേര്‍ക്കായി അനുവദിച്ച 31.60 ലക്ഷം രുപ വിതരണം ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.
ജനസമ്പര്‍ക്ക പരിപാടിയില്‍ എ.ഡി.എം.കെ.കെ.ആര്‍ പ്രസാദ്, ആര്‍.ഡി.ഒ പി.ജി രാധാകൃഷ്ണന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ തഹസില്‍ദാര്‍ സി ആര്‍ സോമനാഥന്‍ നായര്‍, അഡീഷണല്‍ തഹസില്‍ദാര്‍ വി ആര്‍ ലത എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാരും വിവിധവകുപ്പ് മേധാവികളുടെ മേല്‍നോട്ടത്തില്‍ മറ്റു വകുപ്പുകളിലെ ജീവനക്കാരും ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."