പോളിങ് ബൂത്തില്‍ പോവുംമുന്‍പ് ജനങ്ങള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യുന്ന 12 വിഷയങ്ങള്‍ ഇവ
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന വിഷയങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും. അമേരിക്ക ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷം മെയ് 23 മുതല്‍ ജൂലൈ 23 വരെയുള്ള രണ്ടുമാസക്കാലയളവില്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളിലുള്ള 2,500 ലേറെ പേരിലാണ് പഠനം നടത്തിയത്. സര്‍വേ നടത്തിയവര്‍ തെരഞ്ഞെടുത്ത 12 വിഷയങ്ങളില്‍ തൊഴിലില്ലായ്മയാണ് ഏറ്റവുമധികം ചര്‍ച്ചയാവുന്നതെന്ന് 76 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റം 73 ശതമാനം പേരും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിഷയം 66 ശതമാനം പേരും ഭീകരപ്രവര്‍ത്തനം 65 ശതമാനം പേരും അഭിപ്രായപ്പെട്ടു.
കുറ്റകൃത്യങ്ങള്‍ (64), അഴിമതിക്കാരായ വ്യവസായികള്‍ (59), ദരിദ്രര്‍ക്കും പണക്കാര്‍ക്കുമിടയിലെ അന്തരം (51), സ്‌കൂളുകളിലെ അസൗകര്യങ്ങള്‍ (50), ജോലിക്കായി വിദേശരാജ്യങ്ങളില്‍ പോവുന്ന അവസ്ഥ (49), അന്തരീക്ഷ മലിനീകരണം (44), ആരോഗ്യരംഗം (44), സാമുദായിക വിഷയങ്ങള്‍ (34) എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന 12 വിഷയങ്ങളായി പഠനത്തില്‍ കണ്ടെത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഇന്ത്യക്ക് ഏറ്റവും അപകടകരമായ വിദേശരാജ്യമായി പാകിസ്താനെയാണ് എണ്ണിയത്. തൊഴിലില്ലായ്മ സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുന്നതിനു മുന്‍പ് നടത്തിയ പഠനമായിട്ടും കൂടുതല്‍ ആളുകളും ഈ വിഷയമാണ് ഏറ്റവുമധികം തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. 2017-18 കാലയളവിലെ നാഷനല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 7.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."