ഉമ്മന്‍ ചാണ്ടി സ്വരം കടുപ്പിച്ചു: പത്തനംതിട്ടയില്‍ എ ഗ്രൂപ്പ് പ്രചാരണത്തില്‍ സജീവം
കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ കണ്ണുരുട്ടലോടെ പത്തനംതിട്ടയിലെ എ ഗ്രൂപ്പ് പ്രചാരണരംഗത്ത് സജീവമാകുന്നു. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പ് നേതാക്കളെ വിരട്ടിയതോടെ പ്രചാരണത്തിനു ചൂടുപിടിച്ചു.
മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ ആന്റോയ്ക്കു വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്് ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. പലയിടങ്ങളിലും ഇതുവരെ സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പോലും ഒട്ടിച്ചിരുന്നില്ലെന്നത് അദ്ദേഹത്തെ ചൊടിപ്പിച്ചു. റസ്റ്റ് ഹൗസില്‍ നേതാക്കളെ കണ്ടപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി എന്നാണ് വിവരം.
ആന്റോ ആന്റണി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിക്കുന്നില്ലെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതുകൊണ്ടാണത്രെ പോസ്റ്റര്‍ ഒട്ടിക്കലടക്കം മന്ദഗതിയിലായത്. ഡി.സി.സിയുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രചാരണ പരിപാടികള്‍ക്ക് ആന്റോ ശ്രമിക്കുന്നതിലുള്ള കടുത്ത അതൃപ്തി നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചു. എന്നാല്‍ ആരുടെയും വിശദീകരണങ്ങള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല.
സ്ഥാനാര്‍ഥി അടക്കമുള്ള നേതാക്കളെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. പ്രവര്‍ത്തനം ഈ രീതിയിലാണെങ്കില്‍ അത്തരക്കാര്‍ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നുവരെ ഉമ്മന്‍ ചാണ്ടി നിലപാട് കടുപ്പിച്ചു. അദ്ദേഹം മടങ്ങിയ ശേഷം സമവായത്തിന് നേതൃത്വം തയ്യാറാവുകയായിരുന്നു. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്ന ഇടങ്ങള്‍ സജീവമായി. ഒറ്റരാത്രികൊണ്ട് പോസ്റ്റര്‍ ഇല്ലാതിരുന്ന ഇടങ്ങള്‍ പോസ്റ്റര്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍ സാഹചര്യത്തിന് വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം, എ ഗ്രൂപ്പിലെ തമ്മിലടി പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ആന്റോയുടെ തുടര്‍ച്ചയായ സ്ഥാനാര്‍ഥിത്വത്തെ തുടക്കം മുതല്‍തന്നെ അവര്‍ എതിര്‍ത്തിരുന്നു. ആന്റോയുടെ പേരൊഴിവാക്കിയുള്ള സ്ഥാനാര്‍ഥിപ്പട്ടിക കെ.പി.സി.സിക്കു നല്‍കുന്നതുവരെ എത്തിയിരുന്നു കാര്യങ്ങള്‍. അത്തരത്തില്‍ അനിഷ്ടം കത്തിനിന്ന സാഹചര്യത്തിലാണ് ആന്റോ സ്ഥാനാര്‍ഥിയാകുന്നത്. അതോടെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമാക്കാതെ നേതാക്കള്‍ പ്രചാരണത്തിനിറങ്ങാന്‍ ധാരണയായിരുന്നു. എന്നാല്‍, ആന്റോ അടുപ്പിക്കാതെ വന്നതോടെ പരിപാടികളില്‍ നിന്ന് പിന്‍വലിയുകയായിരുവെന്ന് അവര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന എ ഗ്രൂപ്പിലെതന്നെ ശിവദാസന്‍ നായര്‍ തോറ്റതിനു പിന്നില്‍ ഡി.സി.സിയുടെ വിഴ്ചയാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. എ ഗ്രൂപ്പ് നേതൃത്വം നല്‍കിയ ഡി.സി.സി കേന്ദ്രീകരിച്ച് രൂപീകരിച്ച ശിവദാസന്‍ നായരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഡി.സി.സിയില്‍ നിന്നുതന്നെ ചോര്‍ന്നെന്ന ആക്ഷേപത്തെ ആന്റോ ആന്റണി ക്യാംപ് ഗൗരവത്തോടെയാണ് കാണുന്നത്.
ജില്ലാ നേതൃത്വത്തെ അകറ്റിനിര്‍ത്താനുള്ള കാരണം ഇതാണെന്നാണ് ആന്റോ ആന്റണി വിഭാഗത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."