മലബാര്‍ സിമന്റ്‌സ് അഴിമതി; സി.ബി.ഐ അന്വേഷണ ഹരജികള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പൊതുതാല്‍പ്പര്യ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ സംഘം പ്രതിയായ രാധാകൃഷ്ണന്റെ വസതിയിലും ഓഫിസിലുമായി നടത്തിയ റെയ്ഡില്‍ 36 രഹസ്യരേഖകള്‍ കണ്ടെത്തിയിരുന്നെന്നും വിജിലന്‍സിന് സത്യം കണ്ടെത്താനായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നെന്നും ഹരജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി 2011 നവംബറില്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയതാണെന്നും തുടര്‍ന്ന് പുനഃപരിശോധനാ ഹരജി 2013 ജനുവരിയില്‍ തള്ളിയെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. ഈ വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ ഒരു തീരുമാനമെടുത്ത സാഹചര്യത്തില്‍ ഹരജികള്‍ വീണ്ടും അവിടെത്തന്നെ കേള്‍ക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഓള്‍കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജനകീയ ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് സിംഗിള്‍ബെഞ്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് കൈമാറാന്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."