സഹകരണ ബാങ്ക് ഏറ്റെടുത്ത ഭൂമി ഏഴുവര്‍ഷത്തിനുള്ളില്‍ വില്‍ക്കണമെന്നത് ഭരണഘടനാ വിരുദ്ധമല്ല
കൊച്ചി: വായ്പാ കുടിശ്ശികയെത്തുടര്‍ന്നു സഹകരണബാങ്കുകള്‍ ഏറ്റെടുക്കുന്ന ഭൂമി ഏഴുവര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കണമെന്ന സഹകരണനിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്നു ഹൈക്കോടതി. കൊല്ലം ജില്ലയിലെ പാരിപ്പള്ളി വില്ലേജിലെ നടയ്ക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് ഏറ്റെടുത്ത ഭൂമി കുടിശ്ശിക അടച്ചു തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്ന ഹരജിയുമായി ബന്ധപ്പെട്ട അപ്പീലിലാണു ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി.
പാരിപ്പള്ളിയിലെ 25 സെന്റ് ഭൂമി വായ്പാക്കുടിശ്ശികയെ തുടര്‍ന്ന് 2008 ല്‍ നടയ്ക്കല്‍ സഹകരണ ബാങ്ക് ഏറ്റെടുത്തിരുന്നു. ഇതു വില്‍ക്കാത്ത ബാങ്ക് വായ്പാ കുടിശ്ശിക അടച്ചു ഭൂമി തിരിച്ചെടുക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നാരോപിച്ചു ഭൂമിയുടെ മുന്‍ ഉടമയായ കൊല്ലം സ്വദേശി രാധാകൃഷ്ണക്കുറുപ്പു നല്‍കിയ ഹരജി നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
അതേസമയം, സഹകരണ ബാങ്കുകള്‍ ഏറ്റെടുത്ത ഭൂമി ഏഴു വര്‍ഷത്തിനകം വിറ്റു പണമാക്കണമെന്ന വ്യവസ്ഥ നിയമ വിരുദ്ധമാണെന്നും വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമല്ലാത്ത വ്യവസ്ഥ സഹകരണ ബാങ്കിന് ബാധകമാക്കുന്നതു തുല്യതയുടെ നിഷേധമാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീലിലാണു ഈ ഉത്തരവ്.
സഹകരണ ബാങ്ക് ഏറ്റെടുത്ത ഭൂമി കുടിശ്ശിക അടച്ചാല്‍ ഹരജിക്കാര്‍ക്കു നല്‍കണമെന്നു സര്‍ക്കാര്‍ രണ്ടു തവണ നടയ്ക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരും ബാങ്കും തമ്മില്‍ കടം നല്‍കിയവരും വാങ്ങിയവരും തമ്മിലുള്ള ബന്ധമാണുള്ളത്. ഇതില്‍ സര്‍ക്കാരിനു നടപടി ആവശ്യപ്പെടാനാവില്ല. എന്നാല്‍, പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വ്യവസ്ഥ ഇളവു ചെയ്യാന്‍ കഴിയും.
ഏഴുവര്‍ഷത്തിനകം ഭൂമി വിറ്റഴിക്കണമെന്ന വ്യവസ്ഥയ്ക്കു സമാനമായ നിര്‍ദേശം വാണിജ്യബാങ്കുകള്‍ക്കും നിലവിലുണ്ട്. ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാനാണ് ഇത്തരം വ്യവസ്ഥ. അല്ലെങ്കില്‍ വായ്പ നല്‍കാനും പലിശ നല്‍കാനും പണമില്ലാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."