എന്തൊരു നടക്കാത്ത സ്വപ്‌നം
ന്യൂനപക്ഷ കപട പ്രേമത്തിനെതിരേയും വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരേയും മലപ്പുറത്തെ മതനിരപേക്ഷ മനസ്സ് ഒറ്റക്കെട്ടായി പോരാടി വിജയിച്ചു എന്നതാണ് മലപ്പുറം ഉപ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന്റെ തൊട്ടു മുമ്പാണ് ഒഡീഷയിലെ ഭുവനേശ്വറില്‍ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് സമാപിച്ചത്. എക്‌സിക്യൂട്ടിവ് അംഗീകരിച്ച പ്രമേയത്തിലെ മുഖ്യ അജണ്ട ബി.ജെ.പിക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളായ ഒഡീഷ, പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ ഏതു വിധേനയും ബി.ജെ.പി ഭരണം സ്ഥാപിക്കുക എന്നതായിരുന്നു.
എന്നാല്‍ മാത്രമേ യു.പിയിലെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ പൂര്‍ണത സഫലമാകൂവെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെ വെളിപ്പെടുത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പി വരുതിയിലായതോടെ ലക്ഷ്യംവയ്ക്കുന്ന ഇതര സംസ്ഥാനങ്ങള്‍ കൂടി ബി.ജെ.പിയുടെ കൈയില്‍ വരുകയാണെങ്കില്‍ ആത്യന്തിക ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നം സഫലമാകാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരില്ല. കേരളത്തിലെ 11 മണ്ഡലങ്ങളില്‍ ബി.ജെ.പി നിര്‍ണായക ശക്തിയാണെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഈ മണ്ഡലങ്ങളില്‍ നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കേരള ഭരണം നിഷ്പ്രയാസം കൈയിലെടുക്കാമെന്നാണ് അവരുടെ സ്വപ്നം.
ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ബൂത്തുകള്‍ കേന്ദ്രീകരിച്ച് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനും മാസാന്തം അമിത്ഷാ വന്ന് അവലോകനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മലര്‍പ്പൊടിക്കാരനും ഇതേ മട്ടില്‍ തന്നെയായിരുന്നു സ്വപ്നം കണ്ടിരുന്നത്. ന്യൂനപക്ഷ സുരക്ഷയുടെ പേരിലാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെങ്കിലും കടകവിരുദ്ധമായ നിലപാടുകളായിരുന്നു ഓരോ സംഭവങ്ങളിലും കൈക്കൊണ്ടത്. മുസ്‌ലിംലീഗിന്റെ മലപ്പുറം വിജയം മതധ്രുവീകരണമെന്നാക്ഷേപിക്കുമ്പോള്‍ തന്നെ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ മൊത്തമായി വാങ്ങിയതിനെ കുറിച്ച് മിണ്ടാട്ടമില്ല. എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും വോട്ടുകള്‍ കിട്ടാതെ എങ്ങനെയാണ് 2014ല്‍ നിന്ന് 2017 ല്‍ എത്തിയപ്പോഴേക്കും ഒരു ലക്ഷം വോട്ടിന്റെ വര്‍ധന ഉണ്ടാവുക? സി.പി.എം അധികാരത്തില്‍ വന്നതിന് ശേഷം ഒറ്റച്ചങ്കിന്റെ കരുത്തു പോലും ന്യൂനപക്ഷ സുരക്ഷയ്ക്കു വേണ്ടി പുറത്തെടുത്തില്ല. താനൂരില്‍ മുസ്‌ലിംവീടുകള്‍ പൊലിസുകാര്‍ സംഘടിതമായി തകര്‍ത്തപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയില്ല.
കൊടിഞ്ഞിയില്‍ ഫൈസല്‍ വധിക്കപ്പെടാന്‍ ഗൂഢാലോചന നടന്ന ആര്‍.എസ്.എസ് കേന്ദ്രമായ സ്‌കൂളിനെതിരേ ചെറുവിരല്‍ അനക്കിയില്ല. ഒരു മുസ്‌ലിംമത പ്രസംഗകന്റെ വാക്കുകളില്‍ യു.എ.പി.എ ചുമത്തുകയും കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാരെ ആര്‍.എസ്.എസുകാര്‍ വട്ടമിട്ടു വെട്ടിക്കൊന്നപ്പോള്‍ അതില്‍ യു.എ.പി.എ കാണാതെ പോകുകയും ചെയ്തു. ബി.ജെ.പി പൊങ്കാല നടത്തുമ്പോള്‍ വിപ്ലവപൊങ്കാലയും ബി.ജെ.പി യോഗ നടത്തുമ്പോള്‍ യോഗയും ബി.ജെ.പി തിരുവാതിര കളിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് തിരുവാതിരക്കളിയും നടത്തുകയല്ല സി.പി.എം ചെയ്യേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നവോത്ഥാനകാലത്തെയായിരുന്നു സി.പി.എം ഓര്‍മിച്ചെടുക്കേണ്ടിയിരുന്നത്. ബി.ജെ.പിയുടെ തീവ്ര വര്‍ഗീയതയോട് മൃദു ഹിന്ദുത്വ വര്‍ഗീയത പ്രയോഗം എങ്ങനെ വിജയം കാണാനാണ്? സിറാജുന്നിസ എന്ന ബാലിക വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തനിക്ക് വേണ്ടത് ഡെഡ്‌ബോഡിയാണെന്ന് അലറി, സിറാജുന്നിസയെ വെടിവച്ചുകൊല്ലാന്‍ ആജ്ഞാപിച്ച അന്നത്തെ പൊലിസ് മേധാവിയെ മാത്രമേ പിണറായി വിജയന് പൊലിസ് ഉപദേശകനായി കിട്ടിയുള്ളൂ. ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന് നീതിക്കുവേണ്ടി പോരാടിയ മലയാളിയും ഡി.ജി.പിയുമായിരുന്ന എം.ബി ശ്രീകുമാര്‍ മുഖ്യമന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ ഉള്ളപ്പോഴാണ് രമണ്‍ ശ്രീവാസ്തവയെ തേടിപ്പിടിച്ചിരിക്കുന്നത്.
കൊടിഞ്ഞിയില്‍ ഫൈസല്‍ വധിക്കപ്പെട്ടിട്ടും കാസര്‍കോട് റിയാസ് മൗലവി വധിക്കപ്പെട്ടിട്ടും സംയമനം വിടാതെ നിന്ന മുസ്‌ലിം സമൂഹത്തിന്റെ നിലപാട് മലപ്പുറത്തെ ഇതര സമുദായക്കാരുടെ മനസ്സിനെ പോലും തരളിതമാക്കിയെന്ന് വേണം കരുതാന്‍. അതാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയത്തില്‍ പ്രതിഫലിച്ചത്. 2014ല്‍ നിന്നു 2017 ല്‍ എത്തുമ്പോള്‍ ഗണ്യമായ വോട്ടു വര്‍ധന ഉണ്ടാവേണ്ട ബി.ജെ.പിക്ക് ആയിരം വോട്ടുകളുടെ വര്‍ധന പോലും ഉണ്ടാക്കാന്‍ കഴിയാതെ പോയതും മലപ്പുറം മനസ്സിന്റെ മതനിരപേക്ഷതക്കുള്ള തെളിവാണ്. മതനിരപേക്ഷ മനസ്സുള്ളവര്‍ക്ക് മാത്രമേ കേരളത്തെ വര്‍ഗീയാഗ്നിയില്‍ നിന്നു രക്ഷിക്കാന്‍ കഴിയൂവെന്നാണ് മലപ്പുറത്തെ വിജയം നല്‍കുന്ന സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."