HOME
DETAILS
MAL
അതിരപ്പിള്ളി: ലക്ഷ്യമിടുന്ന വൈദ്യുതിക്ക് ജലലഭ്യത ഉറപ്പില്ല
backup
June 11 2020 | 02:06 AM
തൊടുപുഴ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും ലക്ഷ്യമിടുന്ന വൈദ്യുതിക്ക് ജലലഭ്യത ഉറപ്പില്ല. 163 മെഗാവാട്ടിന്റെ പദ്ധതിയാണ് അതിരപ്പിള്ളിയില്‍ ലക്ഷ്യമിടുന്നത്.
പെരിങ്ങല്‍കുത്തില്‍ നിന്നും വൈദ്യുതോല്‍പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളവും ചാലക്കുടിപ്പുഴയുടെ 26 ചതുരശ്ര കി.മീ. വൃഷ്ടി പ്രദേശത്തെ വെള്ളവുമാണ് അതിരപ്പിള്ളിയില്‍ എത്തിച്ചേരുന്നത്. 80 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടും 1.5 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടും ജനറേറ്ററുകളാണ് അതിരപ്പിള്ളിയില്‍ സ്ഥാപിക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനില്‍ക്കണമെങ്കില്‍ മൂന്നു മെഗാവാട്ട് ജനറേറ്ററുകള്‍ പകല്‍ മുഴുവന്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്.
ഈ ലക്ഷ്യത്തിലാണ് ഒന്നര മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്. 40 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദനത്തിനുള്ള വെള്ളം മാത്രമേ ഇവിടെ ലഭ്യമാകൂ എന്ന് കെ.എസ്.ഇ.ബി യിലെ സിവില്‍ വിഭാഗം വിദഗ്ധര്‍ ആധികാരികമായിത്തന്നെ വ്യക്തമാക്കുന്നു.
എന്നാല്‍ കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട് പദ്ധതിക്കനുകൂലമാണ്. ചാലക്കുടിപ്പുഴയില്‍ 105.5 കോടി ഘനയടി ജലലഭ്യതയുണ്ടെന്നും വേനലിലും ആവശ്യത്തിനുള്ള ജലം ലഭിക്കുകയും ആവശ്യം കഴിഞ്ഞ് നീരൊഴുക്ക് ഉണ്ടാകുമെന്നും ജലക്കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 7.56 കോടി ക്യുബിക് മീറ്റര്‍ ജലം അതിരപ്പിള്ളിയില്‍ ഒഴുകിയെത്തുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിന് 6.25 കോടി ക്യുബിക് മീറ്റര്‍ മതിയാവുമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.
കെ.എസ്.ഇ.ബി നല്‍കിയ കണക്കുകള്‍ അതേപടി ജലക്കമ്മിഷന്‍ ഉദ്ധരിക്കുകയായിരുന്നുവെന്നാണ് മറുവാദം. അതിരപ്പിള്ളി പദ്ധതി പ്രദേശത്ത് അത്യപൂര്‍വ ജൈവവൈവിധ്യങ്ങള്‍ ഇല്ലെന്നാണ് ജൈവവൈവിധ്യം സംബന്ധിച്ച പഠനം നടത്തിയ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പലുകളെ മാത്രമേ ആ പ്രദേശത്തു കണ്ടുവരാറുള്ളു. വേഴാമ്പലുകളെ വേണമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനാകുമെന്നും ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പദ്ധതിക്കുള്ള അനുമതി നിഷേധിക്കേണ്ടതില്ലെന്നുമാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ റിപ്പോര്‍ട്ട്.
കെ.എസ്.ഇ.ബിക്ക് കീഴില്‍ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ പോലും വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതി 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയാണ്. 2007 മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങി നാല് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ 13 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 40 മെഗാവാട്ടിന്റെ തൊട്ടിയാറും ചെങ്കുളം ഓഗ്‌മെന്റേഷനും അനിശ്ചിതത്വത്തിലാണ്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജയറാം രമേശ്
കൊച്ചി: അതിരപ്പള്ളി ജലവൈദ്യുത പദ്ധിക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.
എതിര്‍പ്പുകളും വിദഗ്ധ ഉപദേശവും അവഗണിച്ച് പദ്ധതിക്ക് അനുമതി നല്‍കുകവഴി സര്‍ക്കാര്‍ പാരിസ്ഥിതിക ദുരന്തം വിളിച്ചുവരുത്തുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.1983 ല്‍ സൈലന്റ് വാലി പദ്ധതി നിര്‍ത്തിവച്ചാണ് ഇന്ദിര ഗാന്ധി പശ്ചിമഘട്ടത്തെ രക്ഷിച്ചത്. എന്നാല്‍ ഇന്ദിര ഗാന്ധി അന്ന് കാണിച്ച പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."