അഭിമന്യുവിന്റെ കൊലപാതകം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (20) വിനെ കുത്തിക്കൊന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി.
കോട്ടയം കങ്ങഴ ചിറക്കല്‍വീട്ടില്‍ ബിലാല്‍ (19), മഹാരാജാസില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദപഠനത്തിന് ചേര്‍ന്ന പത്തനംതിട്ട കുളത്തൂര്‍ നാലകത്തിനാല്‍ വീട്ടില്‍ ഫാറൂക്ക്(19), ഫോര്‍ട്ട് കൊച്ചി പുതയാനി ഹൗസില്‍ റിയാസ്(37) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇവരടക്കം ഏഴുപേരെ തിങ്കളാഴ്ചയും ഇന്നലെയുമായി പിടികൂടിയിരുന്നു. അന്വേഷണം കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരിലേക്കും നേതാക്കളിലേക്കും നീങ്ങിയേക്കുമെന്നാണ് സൂചന. അതിനിടെ കഴിഞ്ഞ വര്‍ഷം ഹാദിയ വിഷയത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായും വിവരമുണ്ട്. പ്രധാന പ്രതിയും മഹാരാജാസിലെ വിദ്യാര്‍ഥിയും വടുതല സ്വദേശിയുമായ ജെ.ഐ മുഹമ്മദ് അടക്കമുള്ള എട്ടുപേര്‍ ഒളിവിലാണ്. ഇവര്‍ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പൊലിസ് നിഗമനം.
പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പ്രതികള്‍ക്കായി അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇതിന്റെ ഭാഗമായി ഇന്നലെ കര്‍ണാടകത്തില്‍ പരിശോധന നടത്തി. അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. തിരച്ചില്‍ അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
അക്രമികള്‍ കൈയില്‍ കരുതിയിരുന്ന ഇടിക്കട്ട പൊലിസ് കണ്ടെത്തി. അതേസമയം, ഇന്നലെ അഭിമന്യുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."