മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അറസ്റ്റില്‍
ക്വാലാലംപൂര്‍: മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയാക്കിയാണ് മലേഷ്യയിലെ അഴിമതി വിരുദ്ധ ഏജന്‍സി നജീബിനെ അറസ്റ്റ് ചെയ്തത്. നജീബ് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമായ 1 മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാഡി(1എം.ഡി.ബി)ന് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടില്‍ വെട്ടിപ്പു നടത്തിയതാണ് കേസ്. ഇന്ന് കോടതി കേസില്‍ വിധി പറയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
റിമാന്‍ഡ് ഉത്തരവ് നല്‍കിയ ശേഷം നജീബിന്റെ വീട്ടിലെത്തിയാണ് അഴിമതി വിരുദ്ധ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നജീബ് അഴിമതി ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് സംഭവത്തില്‍ അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മെയ് മാസം മഹാതീര്‍ മുഹമ്മദ് അധികാരത്തിലേറിയതിനു പിറകെ തന്നെ 1എം.ഡി.ബി സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. നജീബ് നാടുവിടുന്നതു വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വീട്ടിലും നടത്തിയ റെയ്ഡില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. റസാഖിന്റെ ഭാര്യയുടെ ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങളും ആഡംബര വസ്തുക്കളുമായിരുന്നു ഇതില്‍ കൂടുതലും. 400ലേറെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിക്കുകയും ചെയ്തു.
പണമപഹരിക്കല്‍, കോഴ ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് നജീബിനെതിരേ ചുമത്താനിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് നടത്തിയ അഭിമുഖത്തില്‍ മഹാതീര്‍ മുഹമ്മദ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അധികാര ദുരുപയോഗ കുറ്റമാകും കോടതി ചുമത്തുകയെന്ന് നജീബിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
2009ലാണ് 1 എം.ഡി.ബി സ്ഥാപിക്കപ്പെട്ടത്. സ്ഥാപനവുമായി ബന്ധപ്പെട്ട് ആറോളം രാഷ്ട്രങ്ങളില്‍ അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 1 എം.ഡി.ബിയില്‍നിന്നുള്ള 4.5 ബില്യന്‍ ഡോളര്‍ രൂപ മറ്റ് ഇടപാടുകളിലൂടെ അപഹരിക്കപ്പെട്ടതായി അമേരിക്കയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 1 എം.ഡി.ബിയുടെ കീഴ് സ്ഥാപനമായ എസ്.ആര്‍.സി ഇന്റര്‍നാഷനലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലാണ് ഇപ്പോള്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അകപ്പെട്ടിരിക്കുന്നത്. എസ്.ആര്‍.സിക്ക് അനുവദിച്ച പൊതുഫണ്ടില്‍നിന്ന് 10.6 മില്യന്‍ ഡോളര്‍ നജീബിന്റെ സ്വകാര്യ അക്കൗണ്ടിലെത്തിയതാണ് കേസ്. മലേഷ്യയിലെ ഊര്‍ജ സമ്പത്തിലുള്ള വിദേശനിക്ഷേപത്തിന്റെ മേല്‍നോട്ടം വഹിക്കാനായാണ് എസ്.ആര്‍.സി ഇന്റര്‍നാഷനലിനു തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."