ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം: ഭീകരവാദിക്ക് തീവ്രവലതുപക്ഷ സംഘടനയുമായി ബന്ധം
വിയന്ന: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ 50 പേരെ കൊലപ്പെടുത്തിയ ഭീകരവാദി ബ്രന്റന്‍ ടറന്റിന് തീവ്രവലതുപക്ഷ സംഘവുമായി ബന്ധമുണ്ടെന്ന് ഓസ്ട്രിയ. യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലുള്ള ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റിന്റെ ഓസ്‌ട്രേലിയന്‍ ഘടകവുമായിട്ടാണ് ഇദ്ദേഹത്തിന് ബന്ധമുള്ളതെന്ന് ഓസ്ട്രിയന്‍ ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കര്‍സ് പറഞ്ഞു.
ന്യൂസിലന്‍ഡില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടറന്റും ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റും തമ്മില്‍ സാമ്പത്തിക ബന്ധമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു.
സാമ്പത്തിക പിന്തുണയുള്ളതിനാല്‍ അക്രമിയും ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റും തമ്മില്‍ ബന്ധമുണ്ടെന്നുള്ളത് വ്യക്തമാണ്. ഒരു തരത്തിലുള്ള വംശീയതയും ഓസ്ട്രിയയില്‍ വെച്ചുപൊറുപ്പിക്കില്ല.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടകരമായ ആശയങ്ങളോട് യാതൊരു സഹിഷ്ണുതയും പ്രകടിപ്പിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു. അക്രമിയുടെ ബന്ധങ്ങള്‍ മുഴുവനായും അന്വേഷിക്കും. ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ആഭ്യന്തര, ജസ്റ്റിസ് മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയെന്നും സംഘടനക്കെതിരേയുള്ള നടപടി ശക്തമാക്കുമെന്ന് ഇരു മന്ത്രാലയങ്ങളും വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റുമായി ബ്രന്റന്‍ ടറന്റിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സംഘടനയുടെ വക്താവ് മാര്‍ട്ടിന്‍ സെല്‍നറിന്റെ വീട്ടില്‍ ഓസ്ട്രിയന്‍ അന്വേഷണ സംഘം തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആസ്‌ത്രേലിയയില്‍ ജനിച്ച ടറന്റ് ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റിന് 1500 യൂറോ സംഭാവന നല്‍കിയെന്ന് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ കുടിയേറ്റ വിരുദ്ധ പ്രചാരണ ഭാഗമായിട്ടാണ് സംഭാവന നല്‍കിയത്.
ഫ്രാന്‍സില്‍ ആരംഭിച്ച ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റ് കുടിയേറ്റ, ഇസ്‌ലാം വിരുദ്ധ നയങ്ങളാണ് പ്രചരിപ്പിക്കുന്നത്. നിയോ നാസിസത്തിന്റെ വക്താക്കളായ ഈ സംഘം വെളുത്ത വര്‍ഗക്കാരുടെ ആധിപത്യമാണ് ലക്ഷ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."