HOME
DETAILS
MAL
ചികിത്സയ്ക്ക് ട്രെയിനില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശികളെ ഹോം ക്വാറന്റൈനിലാക്കി
backup
June 11 2020 | 02:06 AM
കാസര്‍കോട്: കുഞ്ഞിന്റെ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കാസര്‍കോടുനിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ ദമ്പതികളെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് തിരിച്ചയച്ച് ഹോം ക്വാറന്റൈനിലാക്കി.
ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്കുള്ള ട്രെയിനില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കോഴിക്കോട്ടെത്തിയ കാസര്‍കോട് പൊവ്വലില്‍ താമസക്കാരായ മുഹമ്മദ് ഹാഷിം, ഭാര്യ ജംഷിദ എന്നിവര്‍ക്കാണ് ആശുപത്രിയില്‍ പോകാനാവാതെ തിരിച്ചുവരേണ്ടി വന്നത്.
മഹാരാഷ്ട്രയില്‍ നിന്നടക്കമുള്ളവര്‍ ഉള്ള ട്രെയിനിലാണ് യാത്ര ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അധികൃതര്‍ ഇവരെ തിരിച്ചയച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പൊന്നും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.
ഹാഷിമിന്റെയും ജംഷിദയുടെയും ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് നടക്കുന്നത്. ട്രെയിന്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ 2ന് ബന്ധുവിന്റെ കാറില്‍ കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാനെത്തിയിരുന്നു.
അന്നു നടത്തിയ വിവിധ പരിശോധനകളുടെ റിപ്പോര്‍ട്ട് കൈപ്പറ്റാനും ഡോക്ടറെ കാണാനുമാണ് ഇരുവരും കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. റിപ്പോര്‍ട്ട് കാണിക്കാനായതിനാല്‍ കൊവിഡ് ഭീതി മുന്‍നിര്‍ത്തി കുഞ്ഞിനെ വീട്ടില്‍ ആക്കിയാണ് കോഴിക്കോട്ടെത്തിയത്.
എന്നാല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അധികൃതര്‍ തടഞ്ഞതോടെ ആശുപത്രിയില്‍ എത്താന്‍ സാധിച്ചില്ല. റെയില്‍വേ സ്‌റ്റേഷനില്‍നിന്നു തന്നെ ടാക്‌സി പിടിച്ച് കാസര്‍കോട്ടേക്ക് തിരിച്ചുപോകേണ്ടി വന്നു.
അധികൃതരുടെ നിര്‍ദേശപ്രകാരം ഇരുവരും ഇപ്പോള്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനിലാണ്. അതേസമയം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ അധികൃതരുടെ അനാസ്ഥയാണ് ഇതിനെല്ലാം കാരണമെന്ന് കുഞ്ഞിന്റെ മാതാവ് ജംഷിദ പറഞ്ഞു.
തിങ്കളാഴ്ച രാത്രി തന്നെ റെയില്‍വേ സ്റ്റേഷനിലേക്കു വിളിച്ച് ഈ ട്രെയിനില്‍ പോകാന്‍ പറ്റുമോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ടയില്‍നിന്ന് വരുന്ന ട്രെയിനാണെന്നോ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നോ ഒന്നും അവര്‍ പറഞ്ഞില്ല.
അങ്ങനെ മനസിലാക്കിയിരുന്നെങ്കില്‍ തങ്ങള്‍ ആ ട്രെയിനിലെ യാത്ര ഒഴിവാക്കുമായിരുന്നു. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ആണെന്നു കരുതിയാണ് തങ്ങള്‍ ഈ ട്രെയിനില്‍ പോകാന്‍ തയാറായതെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."