ഗോലാന്‍ കുന്ന്: ട്രംപിന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് അറബ് രാഷ്ട്രങ്ങള്‍
റിയാദ്: അധിനിവേശ ഗോലാന്‍ കുന്നുകള്‍ ഇസ്‌റാഈല്‍ പ്രദേശമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ അറബ് രാഷ്ട്രങ്ങള്‍ രംഗത്ത്. നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സഊദി, കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍, ലബനാന്‍, ഫലസ്തീന്‍, ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനടക്കമുള്ളവയാണ് (ഒ.ഐ.സി) ശക്തമായി രംഗത്തെത്തിയത്.
ഗോലാന്‍ കുന്നുകള്‍ ഇസ്‌റാഈലിന്റെ ഭാഗമാണെന്ന ട്രംപിന്റെ നിലപാടിനെതിരെ അതിശക്തമായ ഭാഷയിലാണ് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രി സഭ വിമര്‍ശിച്ചത്. പ്രഖ്യാപനം അസ്വീകാര്യമാണെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു.
ഗോലാന്‍ കുന്നുകളുടെ മേലുള്ള ഇസ്‌റാഈല്‍ പരമാധികാരം അംഗീകരിച്ച അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിയില്‍ കുവൈത്ത് ഖേദവും പ്രതിഷേധവും പ്രകടിപ്പിച്ചു. അമേരിക്കയുടെ പുതിയ തീരുമാനം മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബഹ്‌റൈന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
1967 ജൂണിലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയ സിറിയന്‍ മണ്ണാണ് ഗോലാന്‍ കുന്നുകള്‍ എന്നതാണ് ബഹ്‌റൈന്റെ നിലപാട്. ഇതേ നിലപാടുകളാണ് മറ്റു അറബ് രാജ്യങ്ങളും പ്രഖ്യാപിച്ചത്. അമേരിക്കയുടെ നിലപാടിനെ ഒ.ഐ.സിയും ശക്തമായി വിമര്‍ശിച്ചു. സിറിയയില്‍ നിന്ന് ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ ഇസ്‌റാഈല്‍ ഭാഗമാക്കിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് അംഗീകരിച്ച അമേരിക്കന്‍ നിലപാട് ഇസ്‌റാഈല്‍ അധിനിവേശത്തിന് കൂട്ടുനില്‍ക്കുന്നതാണെന്നും ഒ.ഐ.സി ആരോപിച്ചു.
അമേരിക്കന്‍ നടപടിയില്‍ രക്ഷാസമിതി അടിയന്തിര യോഗം ചേരണമെന്ന് സിറിയ ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരണമെന്ന് യു.എന്നിലെ സിറിയന്‍ സംഘമാണ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."