HOME
DETAILS
MAL
അതിവേഗ റെയിലിന് പച്ചക്കൊടി
backup
June 11 2020 | 02:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍പാതയുടെ അലൈന്‍മെന്റ് മാറ്റത്തോടെയുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അനുമതി.
പാരിസിലെ സിസ്ട്രയാണ് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാഹി, വടകര എന്നിവിടങ്ങളിലെ അലൈന്‍മെന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ അലൈന്‍മെന്റ് തയാറാക്കിയിട്ടുള്ളത്. പുതുച്ചേരി സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാഹിയെ പൂര്‍ണമായി പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു പരാതി. മാഹിയിലെ ബൈപാസ് പൂര്‍ണമായി ഒഴിവാക്കി നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി പാത നിര്‍മിക്കാനാണ് തീരുമാനം. വടകര പയ്യോളിയിലെ ബൈപാസും ഇതേരീതിയില്‍ ഒഴിവാക്കും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍ നിന്ന് മാറിയും തിരൂരില്‍ നിന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ലൈന്‍ നിര്‍മിക്കുന്നത്. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (കെ-റെയില്‍) പദ്ധതിയുടെ ചുമതല.
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. വായ്പാ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യു, എ.ഡി.ബി, എ.ഐ.ഐ.ബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ കെ-റെയിലിന് അനുവാദം നല്‍കി. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് രൂപംനല്‍കിയതാണ് കെ-റെയില്‍. 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ട് ഇനി റെയില്‍വേ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിച്ചാല്‍ 2025ഓടെ പദ്ധതി പൂര്‍ത്തിയാകും.
എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വേ, മലിനീകരണത്തിന്റെ തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയ മണ്ണുപഠനം, രാത്രിയാത്ര, വിനോദസഞ്ചാരം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഗതാഗത സര്‍വേ എന്നിവയ്ക്ക് ശേഷമാണ് കെ-റെയിലിന് വേണ്ടി സിസ്ട്ര വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുക. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. തിരുവനന്തപുരത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടും എത്തിച്ചേരാം. ഒന്‍പത് ബോഗികളിലായി 645 പേര്‍ക്ക് യാത്ര ചെയ്യാം. ബിസിനസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടുതരം ക്ലാസുകള്‍ ഉണ്ടാകും. ഒന്‍പതു കാറുകള്‍ വീതമുള്ള ഇ.എം.യു ആകും സില്‍വര്‍ലൈനില്‍ ഉപയോഗിക്കുന്നത്. മൊത്തം ചെലവിന്റെ 52 ശതമാനം വായ്പ എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബാക്കി ചെലവ് റെയില്‍വേ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ വഹിക്കും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മികച്ച നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."