കൊടുംചൂടിലും ആറംഗ കുടുംബത്തിന്റെ ജീവിതം തകര ഷീറ്റിന് കീഴെ
അന്തിക്കാട്: പൊരിവെയിലില്‍ തകര ഷീറ്റിനു കീഴെ ആറംഗ കുടുംബം. പ്രളയത്തില്‍ വീടും വസ്തുക്കളും നഷ്ടപ്പെട്ട തങ്കമണിയുടെയും കുടുംബത്തിന്റെയും ജീവിതം കണ്ടാല്‍ ആരുടെയും കരളലിയും.
മുകളില്‍ വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ ഒരു തകര ഷിറ്റ് മാത്രമാണ് വീടെന്ന് പറയാന്‍ ഈ ആറംഗ കുടുംബത്തിനുള്ളത്. ചുമരിനു പകരം പഴയ സാരികളും.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയമാണ് ഇവരെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. 75കാരിയായ തങ്കമണിയോടൊപ്പം ഇളയ മകനും ഭാര്യയും രണ്ട് പെണ്‍മക്കളും മകളുടെ മാതാവുമാണ് താമസിക്കുന്നത്.
ഇടുങ്ങിയ മുറിയില്‍ രണ്ട് ആടുകളും താറാവും ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങളോടൊപ്പമാണ് ഈ കുടുംബത്തിന്റെ അന്തിയുറക്കം. ഭക്ഷണം പാചകം ചെയ്യുന്നതെല്ലാം വീടിന് പുറത്ത്. സര്‍ക്കാരില്‍നിന്ന് ലഭിച്ച പതിനായിരവും ഷെല്‍ട്ടറിന് വേണ്ടി ലഭിച്ച ചെറിയ തുകയും മാത്രമാണ് ആകെ ലഭിച്ച സഹായം.
ചെറിയ വിള്ളലുകള്‍ പോലും സംഭവിച്ചവര്‍ക്ക് വലിയ തുക സഹായം കിട്ടിയിട്ടും വീട് മുഴുവനും നഷ്ടപ്പെട്ട കുടുംബം സര്‍ക്കാര്‍ സഹായം ലഭിക്കാതെ പുറത്താവുകയായിരുന്നു. വീടിനു വേണ്ടി ഇവര്‍ ഒട്ടേറെ തവണ അധികാരികളെ കണ്ടെങ്കിലും ഇവരുടെ കനിവ് ലഭിച്ചില്ല. ഭൂമിക്ക് കൂടുതല്‍ അവകാശികളുണ്ടെന്നും അതിനാല്‍ വീട് പണിയാന്‍ സഹായം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍.
മകന്‍ ഷാജു വര്‍ക്ക്‌ഷോപ്പ് ജോലിക്കാരനായിരുന്നു.എന്നാല്‍ നട്ടെല്ലിനും കാലിനും തളര്‍ച്ച അനുഭവപ്പെട്ട് ജോലി നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ പാടത്ത് ട്രാക്ടര്‍ ഓടിച്ചും നെല്ല് കയറ്റാന്‍ സഹായിക്കുകയും ചെയ്ത് കിട്ടുന്ന ചെറിയ തുകയും അമ്മ തങ്കമണിക്ക് മാസം കിട്ടുന്ന വിധവ പെന്‍ഷനും കൊണ്ടാണ് ഈ ആറംഗ കുടുംബം കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."