HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ശക്തം ഓരോ 12 മിനുട്ടിലും ഒരു മരണം
backup
June 11 2020 | 02:06 AM
മുംബൈ: രാജ്യത്താകെ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് വലിയതോതില്‍ രോഗം പടര്‍ന്നുപിടിക്കുന്നത്. മഹാരാഷ്ട്രയില്‍ ഓരോ 12 മിനുട്ടിലും ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നതായാണ് കണക്ക്. ഓരോ മണിക്കൂറിലും ശരാശരി 94 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 91,000ത്തോളം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തില്‍ ചൈനയടക്കമുള്ള രാജ്യങ്ങളെ മഹാരാഷ്ട്രയെന്ന സംസ്ഥാനം പിറകിലാക്കിയിട്ടുമുണ്ട്.
പ്രധാന നഗരമായ മുംബൈയില്‍ മാത്രം അന്‍പത്തിഒന്നായിരത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാനിനേക്കാള്‍ കൂടുതലാണ് ഇത്. മഹാരാഷ്ട്രയില്‍ ഓരോ ദിവസവും നൂറിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുമുണ്ട്. രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മുപ്പതിലേറെ ശതമാനവും മഹാരാഷ്ട്രയില്‍നിന്നുള്ളവരാണ്. എന്നാല്‍, സംസ്ഥാനത്ത് കൊവിഡിന്റെ സാമൂഹിക വ്യാപനം ഇല്ലെന്നു വ്യക്തമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഡല്‍ഹിയിലും ഗുജറാത്തിലും സമാന സ്ഥിതിയാണുള്ളത്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോട് അടുത്തിട്ടുണ്ട്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 21,000 പിന്നിട്ടു. തമിഴ്‌നാട്ടില്‍ മുപ്പത്തിഅയ്യായിരത്തോളം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡി.എം.കെ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ജെ. അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 61കാരനായ അന്‍പഴകന്‍ ഇന്നലെ ചെന്നൈയിലെ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം രണ്ടുമുതല്‍ ചികിത്സയിലായിരുന്നു.
ചെപ്പോക്കില്‍നിന്നു നിയമസഭയിലെത്തിയ ഇദ്ദേഹം, മൂന്നു തവണ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. മുസ്‌ലിംലീഗിന്റെ സഖ്യകക്ഷിയായ ഡി.എം.കെ നേതാവ് എന്ന നിലയില്‍ അന്‍പഴകന്‍ ലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഗവര്‍ണറുടെ തീരുമാനത്തിനൊപ്പം: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലും തദ്ദേശീയര്‍ക്കു മാത്രം ചികിത്സയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റംവരുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഈ തീരുമാനം റദ്ദാക്കിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി അംഗീകരിക്കുന്നതായും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലുള്ള കെജ്‌രിവാള്‍, ഇന്നലെ ഓണ്‍ലൈന്‍ വഴിയാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
നിലവില്‍ രാഷ്ട്രീയം പറയാനുള്ള സമയമല്ലെന്നും ഗവര്‍ണറുടെ തീരുമാനം അംഗീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സമയം ചെലവാക്കിയാല്‍ വൈറസ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."