ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കും: ഉ.കൊറിയ
പ്യോങ്‌യാങ്: അമേരിക്കയും ഉത്തര കൊറിയയും യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കെ നിലപാട് ആവര്‍ത്തിച്ച് ഉത്തര കൊറിയ. അമേരിക്കയാണ് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്നും ഏതുനിമിഷവും ഒരു ആണവ യുദ്ധം ഉണ്ടായേക്കാമെന്നും ഉ.കൊറിയയുടെ ഐക്യരാഷ്ട്രസഭാ ഉപ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. ആഗോളതലത്തില്‍ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നത് അമേരിക്കയാണെന്നും ഗുണ്ടാസംഘങ്ങളുടെ മനസാണ് യു.എസിനുള്ളത്. അമേരിക്ക സൈനിക നടപടിക്ക് ഒരുങ്ങിയാല്‍ നേരിടാന്‍ തയാറാണ്. അവസാന ശ്വാസം വരെ പോരാടാന്‍ ഉത്തര കൊറിയ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയില്‍ യു.എസ്- ദ.കൊറിയന്‍ സംയുക്ത സൈനിക അഭ്യാസമാണ് മേഖലയില്‍ അശാന്തി പടര്‍ത്തുന്നത്. സ്വയം പ്രതിരോധത്തിന് ഉത്തര കൊറിയക്ക് ആയുധങ്ങള്‍ സംഭരിക്കേണ്ടിവരുന്നത് അതിനാലാണ്. നിലവില്‍ കൊറിയന്‍ കടലിലേക്ക് യു.എസ്.എസ് കാള്‍ വിന്‍സണ്‍ അയച്ചത് ഉത്തര കൊറിയയെ കീഴടക്കാമെന്ന യു.എസിന്റെ വ്യാമോഹം മൂലമാണ്. വീണ്ടുവിചാരമില്ലാത്തതാണ് ഈ നടപടിയെന്നും റ്യോങ് പറഞ്ഞു.
പരമാധികാരമുള്ള മറ്റൊരു രാജ്യത്തെ ആക്രമിച്ച് കീഴടക്കാമെന്ന ഗുണ്ടാ സംഘങ്ങളുടെ ചിന്തയാണ് അമേരിക്കക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഉത്തര കൊറിയ ആഴ്ചതോറും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയന്‍ ഉപ വിദേശകാര്യ മന്ത്രി ഹാന്‍ സോങ് റ്യോള്‍ പറഞ്ഞു. ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉത്തര കൊറിയ കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് തുനിയുന്നുവെന്ന സൂചന അദ്ദേഹം നല്‍കിയത്. തങ്ങളുടെ സൈന്യത്തിന്റെ ശക്തി ഉത്തര കൊറിയ പരീക്ഷിക്കരുതെന്ന് നേരത്തെ യു.എസ് വൈസ്പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിരുന്നു. അമേരിക്ക ഉത്തര കൊറിയയെ ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് റ്യോള്‍ പറഞ്ഞു. തങ്ങളുടെ രീതിയിലും ശൈലിയിലുമായിരിക്കും ആക്രമണം. അതിനിടെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയാല്‍ ആകാശത്തുവച്ച് പ്രതിരോധിക്കാന്‍ യു.എസ് സൈന്യം തയാറെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ദ.കൊറിയയിലെ താഡ് സംവിധാനം ഇതിനായി തയാറാക്കിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."