കൊയിലാണ്ടി ഹാര്‍ബര്‍ നിര്‍മാണത്തില്‍ ആക്ഷേപം: എം.എല്‍.എ യോഗം വിളിച്ചു
കൊയിലാണ്ടി: ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും ആക്ഷേപങ്ങളും അവലോകനം ചെയ്യാനായി കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ കെ. ദാസന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ഹാര്‍ബര്‍ സമരസമിതി ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. പ്രധാനമായും ലേലപ്പുരയുടെ ചോര്‍ച്ചയും ഡ്രഡ്ജിങ് നടത്തിയിട്ടും വേണ്ടത്ര ആഴം വരാത്ത പ്രശ്‌നവും ഉന്നയിക്കപ്പെട്ടു.
അപാകതകള്‍ സമയബന്ധിതമായി പരിഹരിച്ച് ഹാര്‍ബര്‍ എത്രയും വേഗം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമങ്ങളോട് സഹകരിക്കണമെന്ന എം.എല്‍.എയുടെ നിര്‍ദേശത്തോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോജിച്ചു.
ഇനി മുതല്‍ ഹാര്‍ബറില്‍ അവശേഷിക്കുന്ന പ്രവൃത്തികളുടെ മേല്‍നോട്ടം നിര്‍വഹിക്കാന്‍ എം.എല്‍.എ ചെയര്‍മാനും നഗരസഭാ ചെയര്‍മാന്‍ കണ്‍വീനറുമായി എന്‍ജിനീയറിങ് രംഗത്തെ വിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, മറ്റ് രാഷ്ട്രീയ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരെയും ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി.
ഇപ്പോള്‍ ഉയര്‍ന്നുവന്ന ലേലപ്പുര നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധരുമായി ബന്ധപ്പെടാനും അവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് നീങ്ങാനും തീരുമാനമായി. ആക്ഷേപമുള്ള ലേലപ്പുരയുടെ നിര്‍മാണ പ്രവൃത്തികള്‍ ഒഴിച്ചുള്ള മറ്റു പ്രവൃത്തികള്‍ തുടരാനും തത്വത്തില്‍ ധാരണയുണ്ടാക്കി.
നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, കൗണ്‍സിലര്‍മാരായ എം.പി സ്മിത, ദിവ്യ ശെല്‍വരാജ്, കെ.ടി സുമ, സി.കെ സലീന, റഹ്മത്ത്, ബുഷ്‌റ കുന്നോത്ത്, കെ.വി സന്തോഷ്, സുരേന്ദ്രന്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ ജബ്ബാര്‍, വി.എം രാജീവര്‍, പി.പി പുരുഷോത്തമന്‍, ടി.കെ ചന്ദ്രന്‍, വി.പി ഇബ്രാഹിം കുട്ടി, എം.വി ബാബുരാജ്, മുകുന്ദന്‍, സുനില്‍ മോഹന്‍, സത്യചന്ദ്രന്‍, ടി.കെ രാധാകൃഷ്ണന്‍, സുനിലേശന്‍, ഇ.എസ് രാജന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."