കുതിരക്കച്ചവടവുമായി ബി.ജെ.പി രാജസ്ഥാനിലേക്കും; എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കു മാറ്റി കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം. കോണ്‍ഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നല്‍കി ഒപ്പം ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ രാജസ്ഥാനില്‍ എത്തിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്‌നങ്ങള്‍.
രാജസ്ഥാനിലെ 12 സ്വാതന്ത്ര എം.എല്‍.എമാരെയും ചില കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ശക്തമായ നീക്കമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണവുമായി ചീഫ് വിപ്പും രംഗത്തെത്തി.അശോക് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെ വശീകരിച്ച് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നെന്നും ചീഫ് വിപ്പ് മഹേഷ് ജോഷി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടര്‍ ജനറലിന് മഹേഷ് ജോഷി പരാതി നല്‍കി. അഴിമതി, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍, ജന പ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇദ്ദേഹം രേഖാമൂലം പരാതി നല്‍കിയത്. അതേസമയം, ബി.ജെ.പിയെ പേരെടുത്ത് പറയാതെയായിരുന്നു മഹേഷ് ജോഷി പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നു.
ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. രാജസ്ഥാനില്‍ നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസിനു നിലവിലെ സാഹചര്യത്തില്‍ ജയിക്കാം. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥികള്‍. നിലവില്‍ 107 കോണ്‍ഗ്രസ് എം. എല്‍.എ മാര്‍ 12 സ്വാതന്ത്രരുടെ പിന്തുണയോട് കൂടിയാണ് രാജസ്ഥാന്‍ ഭരിക്കുന്നത്.
ഗുജറാത്തിലെ എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലേക്ക് പോകാതെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഭരണമുള്ള രാജസ്ഥാനിലേക്ക് മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനിലെ ഭരണം തന്നെ പോവുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."