മഴക്കുറവ്: ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദനം കുറയുന്നു
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍ ശബരിഗിരി വൈദ്യുതി പദ്ധതിയിലെ ജലനിരപ്പ് താഴ്ന്നു. വനമേഖലയില്‍ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായതും പ്രതിസന്ധിയിലാക്കി.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയുടെ ജലസംഭരണികളില്‍ 27.7 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ജലനിരപ്പ് 41.54 ശതമാനമായിരുന്നു. പദ്ധതി പ്രദേശത്തെ പ്രധാന സംഭരണിയായ 986.66 മീറ്റര്‍ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടില്‍ 963.25 മീറ്ററും 981.45 മീറ്റര്‍ ശേഷിയുള്ള കക്കി ആനത്തോട് അണക്കെട്ടില്‍ 953.460 മീറ്ററുമാണ് ജലനിരപ്പ്. പദ്ധതിയില്‍ ശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് പ്രതിദിനം പരമാവധി 3.499 മില്യന്‍ യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്.
ഈ സാഹചര്യത്തില്‍ വൈദ്യുതോല്‍പാദനം കടുത്ത പ്രതിസന്ധിയിലായി. പൂര്‍ണതോതില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ചാല്‍ ഏതാനും ദിവസത്തേക്കു കൂടിയേ വെള്ളം ശേഷിക്കൂ. ആറ് ജനറേറ്ററുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചാണ് 50 മെഗാവാട്ട് ശേഷിയുള്ള കക്കാട് പദ്ധതി ഉള്‍പ്പെടെയുള്ള മറ്റു അഞ്ച് പദ്ധതികളില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനം കുറയുന്നതോടെ ഈ അഞ്ച് പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."