കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കല്‍; ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികള്‍ അടുത്തയാഴ്ച കോഴിക്കോട്ട്
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികള്‍ അടുത്തയാഴ്ച കോഴിക്കോട്ട് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ശബരിമലയില്‍ വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ലഭിക്കേണ്ട വിവിധ ക്ലിയറന്‍സുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യത്. ബി.സി.എ.എസ്, എയപോര്‍ട്ട് അതോറിറ്റി, സി.ഐ.എസ്.എഫ്, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിവയില്‍ നിന്ന് ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും മന്ത്രിയുമായി ചര്‍ച്ചചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
ഈമാസം 27ന് ആഭ്യന്തര വിമാന കമ്പനികളുമായി കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രതിനിധികള്‍ പങ്കെടുക്കും. പിന്നീട് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."