മലപ്പുറത്ത് വീഴ്ചപറ്റിയതായി ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വിമര്‍ശനം
പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയതായി പാലക്കാട്ട് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുനേരെയാണ് ഏറെയും വിമര്‍ശനമുയര്‍ന്നത്.
സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. രണ്ടുലക്ഷം വോട്ടായിരുന്നു ലക്ഷ്യം. ഇതില്‍ 1.30 ലക്ഷം വോട്ടെങ്കിലും നേടാനാകുമായിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണ് ഇത്തവണയുണ്ടായത്. മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കില്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും ഒരുവിഭാഗം വാദിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നേതാക്കളുടെ പ്രസ്താവനകള്‍ വരെ തിരിച്ചടിയായി. കൂടാതെ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും തിരിച്ചടിയായതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വീഴ്ചപറ്റിയിട്ടില്ലെന്നും പിടിച്ചുനില്‍ക്കാനും ശക്തിതെളിയിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞതായും കുമ്മനം രാജേശഖരന്‍ പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിക്ക് വോട്ടു കൂടുകയാണുണ്ടായത്. വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥി അപരിചിതനായിരുന്നില്ല.
രണ്ടു മുന്നണികളോട് പടവെട്ടിയാണ് ബി.ജെ.പി വോട്ട് കൂട്ടിയതെന്നും കുമ്മനം പറഞ്ഞു. മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ദേശീയ സെക്രട്ടറി എസ്. രാജയുടെ സാന്നിധ്യത്തില്‍ സംസ്ഥാന സമിതി യോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."