'നിതിനൊപ്പം മറ്റൊരു മൃതദേഹം കൂടിയുണ്ടായിരുന്നു, നാമറിയാതെ പോയ നന്മമരമായിരുന്നു ആ കാസര്‍കോടുകാരന്‍'- കേരളക്കര അറിയാതെ പോയ മറ്റൊരു മരണത്തെ കുറിച്ച് അശ്‌റഫ് താമരശ്ശേരി
കാസര്‍കോട്: നിയമ പോരാട്ടത്തിലൂടെ ഭരണകൂടങ്ങള്‍ പോലും കണ്ണു തിരിച്ച പ്രവാസികളുടെ തിരിച്ചു വരവിന് നിമിത്തമായ നിതിന്‍ ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ആക്‌സ്മിക മരണത്തിന്റെ സങ്കടത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല മലയാളക്കര. അവന്റെ പ്രിയപ്പെട്ടവള്‍ ആതിരയും അവന് കാണാന്‍ കഴിയാത്ത കുഞ്ഞോമനയും ഒരുവിങ്ങലായി തളംകെട്ടി നില്‍ക്കുകയാണ് നെഞ്ചകത്തിപ്പോഴും. അപ്പോഴിതാ അകാലത്തില്‍ പൊഴിഞ്ഞു പോയ മറ്റൊരു യുവാവിനെ കുറിച്ച മലയാളികളെ അറിയിക്കുകയാണ് സമാൂഹ്യ പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി.
ഷാര്‍ജയില്‍ നിന്ന് നിതിന്റെ മൃതശരീരം കയറ്റി അയച്ച എയര്‍ അറേബ്യ വിമാനത്തില്‍ മറ്റൊരു മൃതശരീരം കൂടി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. കാസര്‍കോടുകാരനായ ഷാജന്‍ പള്ളയില്‍ എന്ന യുവാവായിരുന്നു അത്. നിതിനെ പോലെ ഷാജനും ഒരു നന്മമരമായിരുന്നു എന്ന് പറയുന്നു അഷ്‌റഫ്. കഴിഞ്ഞ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് ഈ യുവാവ്. കടബാധ്യതയാണ് ഇയാളെ ഗള്‍ഫിലെത്തിച്ചത്. ഹൃദയാഘാതം തന്നെയായിരുന്നു മരണ കാരണം.
ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിന്റെ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിക്കുവാന്‍ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആതിരയോട് നിതിന്റെ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.ഈ വിവരം ആതിരയെ അറിയിക്കുവാന്‍ പോയ ബന്ധുക്കള്‍ക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങള്‍ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിന്‍ ഏന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിന്റെ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയില്‍ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഷാജന്‍ ദുബായില്‍ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടല്‍ കടന്ന് ഷാജനും ഗള്‍ഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയര്‍ അറേബ്യയുടെ മാനേജര്‍ ശ്രീ രജ്ഞിത്തായിരുന്നു.ഷാജന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വേര്‍പ്പാട് നമ്മുടെ മുന്നില്‍ തുറന്നിടുന്നത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും വാതിലുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."