പള്ളികളില്‍ മോഷണം: യുവാവിനെ ട്രെയിനില്‍നിന്ന് പിടികൂടി
കോഴിക്കോട്: പള്ളികളില്‍ മോഷണം പതിവാക്കിയ യുവാവിനെ ട്രെയിനില്‍ നിന്ന് പിടികൂടി. അരീക്കോട് സ്വദേശി മുഹമ്മദ് ഫൈറൂസി (21) നെയാണ് യശ്വന്ത്പൂര്‍-കണ്ണൂര്‍ എകസ്പ്രസിന്റെ എസ്.വണ്‍ കോച്ചില്‍ നിന്ന് പിടികൂടിയത്. സംശയകരമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് കുറ്റിപ്പുറത്തുവച്ച് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൈവശമുണ്ടായിരുന്ന എ.ടി.എം കാര്‍ഡുകളടങ്ങിയ ബാഗ്, പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ണൂര്‍, തിരൂര്‍, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പള്ളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് എന്നിവക്കു സമീപത്തുള്ള പള്ളികളില്‍ നിന്ന് ബാഗുകള്‍ കവര്‍ന്നിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി പൊലിസ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ കണ്ണപുരം, തിരൂര്‍, വാഴക്കാട്, പരപ്പനങ്ങാടി, കോട്ടക്കല്‍, ചമ്രവട്ടം എന്നിവിടങ്ങളിലും കോഴിക്കോട് മര്‍ക്കസ് പള്ളി, ലുഅ്‌ലുഅ് പള്ളി, മൊയ്തിന്‍ പള്ളി എന്നിവിടങ്ങളിലും പ്രതി കവര്‍ച്ച നടത്തിയിട്ടുണ്ട്.
ആറുമാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരുമാസം മുന്‍പാണ് പ്രതി പുറത്തിറങ്ങിയത്. നടക്കാവ്, കസബ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. മോഷ്ടിച്ചുകിട്ടുന്ന പണം ആഡംബരത്തിനാണ് ഇയാള്‍ ഉപയോഗിക്കുന്നത്. റെയില്‍വേ പൊലിസ് എസ്.ഐ അബ്ദുല്‍ റസാഖ്, സി.പി.ഒമാരായ ഗോപാലകൃഷ്ണന്‍, മൂസക്കോയ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."