വിദ്യാലയങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന ഹരജി; സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി
ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിന്റെ മാതൃകയില്‍ വിദ്യാലയങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണെമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി ഉപാദ്യായയാണ് സുപ്രിം കോടതിയെ സമീപിച്ചത്. ജനഗണമനയ്ക്ക് തുല്യമായ പരിഗണന എല്ലായിടത്തും വന്ദേമാതരത്തിനും നല്‍കണമെന്നാണ് ഹരജിക്കാരന്റെ വാദം. നേരത്തെ ദേശീയ ഗാന കേസിനൊപ്പം ഈ അപേക്ഷയും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. നാലാഴ്ച്ചയ്ക്കകം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.
സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ നിന്ന് ഭിന്നശേഷിയുള്ളവര്‍ക്ക് കോടതി ഇളവ് നല്‍കി. അന്ധര്‍, കുഷ്ഠ രോഗികള്‍, ബുദ്ധിപരമായി പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് കൂടി ഇളവ് നല്‍കും. ദേശീയഗാനവുമായി ബന്ധപ്പെട്ട വിധി കര്‍ശനമായി നടപ്പിലാക്കുന്നതില്‍ അഭിപ്രായം അറിയിക്കുന്നതിന് മഹാരാഷ്ട്രയും രാജസ്ഥാനും കേസില്‍ കക്ഷിചേര്‍ന്നു. വിധിയെ പിന്തുണച്ച് കൊണ്ടാണ് ഇരു സംസ്ഥാനങ്ങളും കക്ഷി ചേര്‍ന്നിട്ടുള്ളത്.
ദേശീയ ഗാനത്തോടും ദേശീയ പതാകയോടും ആദരവ് കാണിക്കാന്‍ കോടതിയും സര്‍ക്കാരും പാര്‍ലമെന്റും ജനങ്ങളെ നിര്‍ബന്ധിക്കുന്നത് ഉചിതമല്ലെന്ന് കേസില്‍ കക്ഷിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കോടതിയില്‍ വാദിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആദരവ് കാട്ടേണ്ടത് വിട്ടുവീഴ്ച്ചയില്ലാത്ത കാര്യമാണെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ഉത്തരവിറക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."