എം.എസ്.ഡി.പി പദ്ധതി; നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ജില്ലാ നിര്‍മിതി കേന്ദ്രം
കല്‍പ്പറ്റ: മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി) പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കിയ വിവിധ നിര്‍മാണ പ്രവൃത്തികളില്‍ ജില്ലാ നിര്‍മിതി കേന്ദ്രയ്ക്ക് അഭിമാന നേട്ടം. ഏറ്റെടുത്ത പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് നിര്‍മിതി കേന്ദ്ര ഈ നേട്ടം കൈവരിച്ചത്. നാലു ഘട്ടങ്ങളിലായി നടപ്പിലാക്കി വന്ന എം.എസ്.ഡി.പി പദ്ധതിയുടെ നിര്‍വഹണ ചുമതല നിര്‍മിതി കേന്ദ്രയ്ക്കായിരുന്നു.
ആദ്യഘട്ടത്തില്‍ 23 സ്‌കൂളുകളും 10 ആശുപത്രികളും രണ്ടാംഘട്ടത്തില്‍ 24 സ്‌കൂളുകളുടെയും മൂന്ന് ആശുപത്രികളുടെയും നിര്‍മാണ പ്രവൃത്തികളാണ് നിര്‍മിതി കേന്ദ്ര നടപ്പിലാക്കിയത്. ഈ വര്‍ഷം ഏറ്റെടുത്ത നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 22 സ്‌കൂളുകളുടെ നിര്‍മാണ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്.
ജില്ലയില്‍ ഇതിനകം കുറഞ്ഞ കാലയളവിനുള്ളില്‍ എല്‍.പി വിഭാഗം മുതല്‍ പ്ലസ്ടു വരെ അഞ്ഞൂറിലധികം ക്ലാസ് മുറികള്‍ ലാബ് സൗകര്യമുള്‍പ്പെടെ പൂര്‍ത്തികരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2007 ആഗസ്റ്റില്‍ തുടക്കം കുറിച്ച പദ്ധതിയാണിത്. എം.എസ്.ഡി.പി. ഫണ്ടിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. 12-ാം പഞ്ചപത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വന്നിരുന്ന ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍, പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം എന്നാക്കിയിട്ടുണ്ട്.
2013-ല്‍ സമര്‍പ്പിച്ച നിര്‍മാണ പ്രവൃത്തികള്‍ക്ക് രണ്ട് ഘട്ടമായാണ് അനുമതി ലഭിച്ചത്. 2012-ല്‍ പി.ഡബ്ല്യു.ഡി ഷെഡ്യൂള്‍ ഓഫ് റേറ്റിലായിരുന്ന എസ്റ്റിമേറ്റുകള്‍ സമര്‍പ്പിച്ചിരുന്നത്. രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് അനുമതി ലഭിക്കുന്നത് 2017-ല്‍ ആയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതയില്‍ അംഗീകരിച്ച പ്രവൃത്തികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന നിബന്ധയുള്ളതിനാല്‍ അഞ്ചുവര്‍ഷം മുമ്പുള്ള നിരക്കില്‍ തന്നെ ജില്ലാ നിര്‍മിതി കേന്ദ്ര പ്രവൃത്തി ഏറ്റെടുത്തു നടപ്പിലാക്കുകയായിരുന്നു.
മാനന്തവാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണത്തിനായി ഒരു കോടിയാണ് വകയിരുത്തിയിരുന്നത്. ശാസ്ത്ര, അഗ്രികള്‍ച്ചര്‍ ലാബുകളടക്കം ആധുനിക സംവിധാനങ്ങളോടെയാണ് നിര്‍മാണം.
കെട്ടിടത്തിന്റെ ഫ്‌ളോര്‍ ടൈലിംഗ്, വൈദ്യൂതികരണം, ലാബുകളില്‍ വര്‍ക്കിംഗ് ടേബിള്‍, ലബോറട്ടറി സിങ്ക്, പ്ലംബിങ് എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ 60 ലക്ഷം രൂപ ചിലവഴിച്ച് ഹൈസ്‌കൂളില്‍ വിവിധ പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ഈ രണ്ടു പ്രവൃത്തികളും കരാര്‍ പ്രകാരമുള്ള കാലാവധിക്കു മുമ്പ് പൂര്‍ത്തീകരിക്കാനും ജില്ലാ നിര്‍മിതി കേന്ദ്രയ്ക്കു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."