ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാക്കനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍ തുടങ്ങും. രാവിലെ 11 മണി മുതല്‍ 3 മണി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിക്കൊപ്പം നാലുപേര്‍ക്കു കൂടി ചേംബറില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. കലക്ട്രേറ്റ് വളപ്പില്‍ സ്ഥാനാര്‍ത്ഥിയുടേതടക്കം 5 വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.ഏപ്രില്‍ 4 വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതി സൂക്ഷ്മപരിശോധന. ഏപ്രില്‍ എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണ ചിലവ് ആദായ നികുതി വകുപ്പ് നിരീക്ഷണ വിധേയമാക്കും.
സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതലുള്ള പ്രചാരണ ചെലവ് നിരീക്ഷണ വിധേയമാക്കും. ഇതിനായി സ്ഥാനാര്‍ഥി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ത്ഥിയുടെ പേരിലോ, സ്ഥാനാര്‍ഥി, ഏജന്റ് എന്നിവരുടെ പേരില്‍ ജോയിന്റായോ അക്കൗണ്ട് തുടങ്ങാം. പ്രചാരണ ബോര്‍ഡുകളും ബാനറുകളും അനൗണ്‍സ്‌മെന്റുകളും വഴിയും മറ്റ് മാര്‍ഗങ്ങള്‍ വഴിയും നടക്കുന്ന പ്രചാരണത്തിന്റെ ചെലവ് കണക്കാക്കി സ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ വകകൊള്ളിക്കും. ഇലക്ട്രോണിക്‌സ് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അച്ചടിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയില്‍ പ്രസിന്റെയും പ്രിന്ററുടെയും പബ്ലിഷറുടെയും പേര്, എണ്ണം എന്നിവ വ്യക്തമാക്കണം. ഒപ്പം പോസ്റ്റര്‍ കോപ്പി, സത്യവാങ്മൂലം എന്നിവ ഹാജരാക്കണം.
വാഹന പരിശോധനകള്‍ക്ക് ആദായ നികുതി വകുപ്പു അധികൃതരും എക്‌സൈസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും. പണം, സ്വര്‍ണം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുണ്ടോ എന്ന് ആദയ നികുതി വകുപ്പും, മദ്യം, ലഹരിമരുന്ന് എന്നിവ കടത്തുന്നുണ്ടോ എന്ന് എക്‌സൈസ് വകുപ്പും പരിശോധിക്കും. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ജില്ലയില്‍ 15,549 പേരെ നിയോഗിച്ചതായി കലക്ടര്‍ പറഞ്ഞു. ഇന്നു മുതല്‍ ഇവര്‍ക്ക് പരിശീലനം നല്‍കും,
സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങള്‍ പരീക്ഷ കഴിയാതെ പരിശീലനത്തിനായി ഏറ്റെടുക്കാന്‍ കഴിയാത്തതാണ് ഉദ്യോഗസ്ഥരുടെ പരിശീലനം വൈകിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.ഫേസ് ബുക്ക്, വാട്‌സപ്പ്, ഓണ്‍ലൈന്‍ പത്രങ്ങള്‍, പ്രാദേശിക ചാനലുകള്‍ എന്നിവ വഴി പരസ്യം നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ മൂന്ന് ദിവസം മുന്‍പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അധികൃതര്‍ പറഞ്ഞു.
കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."