ചെങ്ങന്നൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി വിവിധ വകുപ്പ് മേധാവികള്‍
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കും, ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ പുനഃക്രമീകരിക്കും
ചെങ്ങന്നൂര്‍: നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും റോഡരികിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ മാറ്റി പുനക്രമീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതിയുടെ യോഗത്തില്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നും പുറപ്പെടുന്ന ബസുകളുടെ സ്റ്റോപ്പുകള്‍ ക്രമീകരിക്കും. അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകള്‍ നീക്കം ചെയ്യും. കാല്‍നട യാത്രക്കാര്‍ക്കായി ഫുട്പാത്ത് നിര്‍മ്മിക്കുന്നതിനും സീബ്രാലൈന്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. പൊതുവഴിയിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇരുചക്ര വാഹനം ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും നഗരപ്രദേശത്തുള്ള ഓവര്‍ടേക്കിംഗ് പരമാവധി ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. നഗരസഭയുടെ ഭാഗത്തുനിന്നും പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എം.സി റോഡ് സൈഡില്‍ ഐ.റ്റി.ഐ ജംഗ്ഷനില്‍ ബീവറേജസ് സ്റ്റാള്‍ തല്‍സ്ഥാനത്തുനിന്നും മാറ്റുന്നതിന് കൗണ്‍സില്‍ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാരിലേക്ക് കത്ത് നല്‍കുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. നഗരസഭയുടെ ഫണ്ട്, എം.എല്‍.എ- എം.പി ഫണ്ട് എന്നിവ ഉപയോഗിച്ചും സ്വകാര്യസംരംഭകരില്‍നിന്നും പരസ്യം സ്വീകരിച്ച് ദിശാഫലകങ്ങള്‍, ട്രാഫിക് സിഗ്നല്‍, ക്യാമറ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറി, പോലീസ്, ഹെല്‍ത്ത്, കെ.എസ്.ആര്‍.ടി.സി, ആര്‍.ടി.ഒ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."