മലപ്പുറത്തിന്റെ ഊര്‍ജവുമായി വെള്ളിയാഴ്ച യു.ഡി.എഫ് ഏകോപനസമിതി
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ഊര്‍ജവുമായി വെള്ളിയാഴ്ച യു.ഡി.എഫ് ഏകോപനസമിതി ചേരും. വിജയം നല്കിയ ആത്മവിശ്വാസത്തില്‍ മുന്നണി കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരും.
രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസില്‍ ആരംഭിക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യം കാണുന്നുണ്ട്. മലപ്പുറത്ത് മുന്നണി ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായതാണ് വന്‍ വിജയത്തിനു പ്രധാന കാരണമെന്ന വിലയിരുത്തല്‍ എല്ലാ നേതാക്കള്‍ക്കുമുണ്ട്. മുന്നണി വിട്ടു പോയ കെ.എം മാണിയെ ചേര്ത്തുനിര്ത്താനായതും യു.ഡി.എഫ് ക്യാംപില്‍ സന്തുഷ്ടി പകരുന്നുണ്ട്.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് മാണിയെ യു.ഡി.എഫിലേക്കു ക്ഷണിച്ചിട്ടുണ്ട്. തല്ക്കാലം ഇല്ലെന്നു പറഞ്ഞ മാണി വാതില്‍ കൊട്ടിയടച്ചിട്ടുമില്ല. ഇതു ശുഭസൂചനയായി കാണുന്നു. യോഗത്തില്‍ മാണിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യം താന്‍ അവതരിപ്പിക്കുമെന്ന് ഹസന് വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മാണിയെ കൂടെ നിര്‍ത്തിയ മുസ്ലിം ലീഗ് അടക്കമുള്ള മറ്റു ഘടകകക്ഷികള്‍ക്കും ഇക്കാര്യത്തില്‍ ഏറെ താല്പര്യമുണ്ട്. മാണിയുമായുള്ള ആശയവിനിമയത്തിനു തുടക്കമിടാനുള്ള തീരുമാനത്തില്‍ യോഗം എത്തിച്ചേരുമെന്നറിയുന്നു. ഇതോടൊപ്പം മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോയ ചെറു കക്ഷികളെയും കൂടെ നിര്‍ത്തി മുന്നണി വിപുലീകരിക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്. ഈ വിഷയവും ചര്‍ച്ചയില്‍ വരാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."