സ്നേഹഭവനം താക്കോല്‍ദാനവും ടോയ്ലറ്റ് സമര്‍പ്പണവും
അരീക്കോട്: മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍മിച്ച് നല്കുന്ന സ്നേഹഭവനത്തിന്റെ താക്കോല്‍ദാനവും പുതിയ വീടിന്റെ പ്രഖ്യാപനവും ഇന്ന് രാവിലെ പത്തിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച് നല്കിയ പെണ്‍കുട്ടികള്‍ക്കുള്ള ആധുനിക ടോയ്ലറ്റിന്റെ സമര്‍പ്പണം, അവാര്‍ഡ് ദാനം, സ്റ്റേജ് സമര്‍പ്പണം തുടങ്ങിയ പരിപാടികളും നടക്കും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് മൂന്നാമത്തെ സ്നേഹവീട് നിര്‍മിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വീട് കൈമാറിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മരിച്ച സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിയായിരുന്ന സിനുവിന് വേണ്ടിയാണ് മൂന്നാമത്തെ വീട്. വീടിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തിലാണ് സിനു മരിച്ചത്.
സ്നേഹഭവനം താക്കോല്‍ ദാനം പി.ടി.എ പ്രസിഡന്റ് ടി. സൈതലവിയും ടോയ്ലെറ്റ് സമര്‍പ്പണം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയും നിര്‍വഹിക്കും. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്തംഗം വി.പി റഊഫ് അവാര്‍ഡ് ദാനം നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എച്ച്.എം ജി.എസ് ലിജിന്‍, പി.ടി.എ പ്രസിഡന്റ് ടി. സൈതലവി, കെ.സി ശമീം, കെ. യൂനുസ്, പി.പി സുബെര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."