ഉദ്യോഗസ്ഥരുടെ അനാസ്ഥ; വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി
അങ്കമാലി: നാട് മുഴുവനും അതിരൂക്ഷമായ വേനലില്‍ ജലസ്രോതസ്സുകളും കിണറുകളും വറ്റിവരണ്ട് കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കിടങ്ങൂരില്‍ ശുദ്ധജലം പാഴായി. തുറവൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ഉള്‍പ്പെടുന്ന വടക്കേ കിടങ്ങൂര്‍ മേഖലയിലാണ് സംഭവം. വലിയപറമ്പില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി പഴയ ബണ്ടുകള്‍ മാറ്റി പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്കിടയിലാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴായത്.
വടക്കേ കിടങ്ങൂര്‍ യാക്കോബായ പള്ളിയുടെ റേഷന്‍ കട കവലയിലേക്കുള്ള ഭാഗത്താണ് പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ ജെസിബി പണിയുന്നതിനിടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി പി.ഡബ്ല്യൂ.ഡി വകുപ്പില്‍ നിന്നും വാട്ടര്‍ അതോറിറ്റി വകുപ്പില്‍നിന്നും അനുമതി വാങ്ങിയിരുന്നു. നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പോകുന്നതിന്റെ ഒരു മീറ്റര്‍ അകലത്തില്‍ പൈപ്പ് ഇടുന്നതിനാണ് പി.ഡബ്ല്യൂ.ഡി വകുപ്പും വാട്ടര്‍ അതോറിട്ടി വകുപ്പും അനുമതി നല്‍കിയത്. എന്നാല്‍ എളുപ്പത്തില്‍ പണികള്‍ തീര്‍ക്കുന്നതിനുവേണ്ടിയും ചിലവ് കുറക്കുന്നതിന് വേണ്ടിയും നിലവില്‍ കുടിവെള്ള പൈപ്പ് പോകുന്നതിന്റെ മുകളില്‍കൂടി ജെ.സി.ബിക്കു കുഴിച്ചപ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു.
കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിന് ഒരു മീറ്റര്‍ പോലും ആഴമില്ല. ജെസിബിക്കു കുഴിച്ചാല്‍ കുടിവെള്ള പൈപ്പ് പൊട്ടുമെന്നന്ന് ഉറപ്പാണ്. മാത്രമല്ല കുടിവെള്ള മുകളില്‍ മറ്റൊരു പൈപ്പ് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. പുതിയൊരു കണക്ഷന്‍ നല്‍കുന്നതിനും അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തടസവുമാണ്. ജെസിബി പണി ആരംഭിച്ച് പത്തു മിനിട്ടിനുള്ളില്‍ത്തന്നെ കുടിവെള്ള പൈപ്പ് പൊട്ടുകയും ചെയ്തു. തുടര്‍ന്ന് രണ്ടുമണിക്കൂറിലധികം കുടിവെള്ളം റോഡിലൂടെ പാഴാവുകയും ചെയ്തു. ഇത്തരം പണികള്‍ നടക്കുമ്പോള്‍ വാട്ടര്‍ അതോറിട്ടി എന്‍ജിനീയര്‍മാരോ ഉദ്യോഗസ്ഥരോ സംഭവസ്ഥലത്ത് ഉണ്ടായിരിക്കണമെന്നാണ് ചട്ടം. പൈപ്പ് സ്ഥാപിക്കല്‍ തിങ്കളാഴ്ച നടക്കും എന്ന അറിഞ്ഞ നാട്ടുകാര്‍ അങ്കമാലി വാട്ടര്‍ അതോറിട്ടി വകുപ്പിലെ ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ആരും തിരിഞ്ഞു നോക്കിയില്ല. പണികള്‍ ആരംഭിച്ചപ്പോഴും പൈപ്പ് പൊട്ടിയപ്പോഴും വാട്ടര്‍ അതോറിട്ടി വകുപ്പില്‍ അറിയിച്ചട്ടും ആരും വന്നില്ല.
കിടങ്ങൂര്‍ ഭാഗത്തേക്കുള്ള കുടിവെള്ള പൈപ്പിന്റെ വാല്‍വ് അടച്ചിരുന്നെങ്കില്‍ വെള്ളം പാഴാകുന്നത് ഒഴിവാക്കാമായിരുന്നു. പ്രശ്‌നം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാത്രി വളരെ വൈകി പൈപ്പിന്റെ വാല്‍വ് അടിക്കുകയായിരുന്നു. കിലോമീറ്ററുകളോളം കുടിവെള്ളം റോഡിലൂടെ ഒഴുകികൊണ്ടിരിക്കുകയാണ്. പൊട്ടിയ പൈപ്പ് ശരിയാക്കിയാല്‍ മാത്രമേ വടക്കേ കിടങ്ങൂര്‍ നിവാസികള്‍ക്ക് ഇനി കുടിവെള്ളം ലഭിക്കുകയുള്ളു. പൈപ്പ് ശരിയാക്കുന്നതിനുള്ള ചിലവ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് നിയമപ്രകാരം മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."